മൂന്നു വിവാഹം; സെറ്റില്‍മെന്റുകള്‍, 'കൊള്ളക്കാരി വധു' ഒടുവില്‍ പിടിയില്‍
ന്യൂഡല്‍ഹി: കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ മൂന്നു പുരുഷന്‍മാന്‍മാരെ വിവാഹം കഴിച്ച് കേസ് നല്‍കി ഒത്തുതീര്‍പ്പായി ഒന്നേകാല്‍ കോടി രൂപ തട്ടിയെടുത്ത യുവതി അറസ്റ്റില്‍. കൊള്ളക്കാരി വധു എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡുകാരിയായ നിക്കി എന്ന സീമയാണ് പിടിയിലായിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ആഗ്രയിലെ ഒരു വ്യവസായിയെ 2013ല്‍ സീമ വിവാഹം കഴിച്ചിരുന്നു. തുടര്‍ന്ന് ഗാര്‍ഹിക പീഡനവും മറ്റും ആരോപിച്ച് പരാതി നല്‍കുകയും ഒത്തുതീര്‍പ്പിന്റെ ഭാഗമായി 75 ലക്ഷം രൂപ തട്ടുകയും ചെയ്തു.
പിന്നീട് 2017ല്‍ ഗുഡ്ഗാവില്‍ നിന്നുള്ള ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെ വിവാഹം കഴിച്ചു. കള്ളക്കേസ് നല്‍കി 10 ലക്ഷവും തട്ടിയെടുത്തു. ഇതിന് ശേഷം രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശിയായ ഒരു ബിസിനസുകാരനെ 2023ല്‍ വിവാഹം ചെയ്തു. ഇത്തവണ കള്ളക്കേസൊന്നും കൊടുക്കാന്‍ സീമ നിന്നില്ല. ഭര്‍തൃവീട്ടിലെ 36 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളായി മുങ്ങുകയാണ് ചെയ്തത്. ഈ സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് ജയ്പൂര്‍ പോലിസ് ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്.
വിവിധ മാട്രിമോണിയല്‍ സൈറ്റുകളില്‍ നിന്നാണ് ഇവര്‍ പുരുഷന്‍മാരെ കണ്ടെത്തുന്നതെന്ന് പോലിസ് അന്വേഷണത്തില്‍ വ്യക്തമായി. വിവാഹമോചിതരായവരോ അല്ലെങ്കില്‍ ഭാര്യമാരെ നഷ്ടപ്പെട്ടതോ ആയ പുരുഷന്മാരെയാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. ഇവര്‍ കൂടുതല്‍ പേരെ വഞ്ചിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുമെന്ന് പോലിസ് അറിയിച്ചു.