'കശ്മീര്‍ ഫയല്‍സി'നെതിരായ ട്വീറ്റ്; ഐഎഎസ് ഉദ്യോഗസ്ഥനെതിരേ നടപടിക്കൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍

Update: 2022-03-23 13:53 GMT

ഭോപാല്‍: അടുത്തിടെ പുറത്തിറങ്ങിയ 'ദി കശ്മീര്‍ ഫയല്‍സ്' എന്ന സിനിമയെക്കുറിച്ച് വിവാദ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്‌തെന്നാരോപിച്ച് ഐഎഎസ് ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിക്കാനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. മധ്യപ്രദേശ് പൊതുമരാമത്ത് ഡെപ്യൂട്ടി സെക്രട്ടറി നിയാസ് ഖാനെതിരേയാണ് നടപടി വരുന്നത്. ഉദ്യോഗസ്ഥനോട് വിശദീകരണം തേടി സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അറിയിച്ചു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി വന്‍തോതില്‍ 'മുസ്‌ലിംകള്‍ കൊല്ലപ്പെടുന്നതിനെക്കുറിച്ച്' ഒരു സിനിമ ചെയ്യണമെന്ന് കശ്മീര്‍ ഫയല്‍സ് നിര്‍മാതാക്കളോട് ആവശ്യപ്പെടുന്നതാണ് നിയാസ് ഖാന്റെ ട്വീറ്റ്. രാജ്യത്തെ ന്യൂനപക്ഷ സമുദായത്തിലെ അംഗങ്ങള്‍ പ്രാണികളല്ല, മറിച്ച് പൗരന്‍മാര്‍ തന്നെയാണ്- അദ്ദേഹം ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.

ഐഎഎസ് ഓഫിസര്‍ നടത്തിയ പരാമര്‍ശം ഗൗരവതരമെന്നാണ് ആഭ്യന്തര മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. ഞാന്‍ അദ്ദേഹത്തിന്റെ ട്വീറ്റ് കണ്ടു. ഇത് ഗുരുതരമായ പ്രശ്‌നമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിശ്ചയിച്ചിട്ടുള്ള ലക്ഷ്മണരേഖ അദ്ദേഹം മറികടന്നു. അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് മറുപടി തേടും- മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഐഎഎസ് ഉദ്യോഗസ്ഥന്‍ വിഭാഗീയതയുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഖാനെതിരേ നടപടിയെടുക്കാന്‍ പേഴ്‌സനല്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കത്തെഴുതാന്‍ പോവുകയാണെന്ന് സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രിയും പ്രതികരിച്ചിരുന്നു. മുസ്‌ലിംകള്‍ക്കെതിരേ നടന്നിട്ടുള്ള കൂട്ടക്കൊലകള്‍ തുറന്നുകാട്ടുന്ന പുസ്തകം എഴുതാന്‍ താന്‍ പദ്ധതിയിടുന്നതായും അതിലൂടെ ന്യൂനപക്ഷങ്ങളുടെ വേദനയും കഷ്ടപ്പാടും ഇന്ത്യയിലെ ജനങ്ങളിലെത്തിക്കുന്നതിന് 'കശ്മീര്‍ ഫയല്‍സ്' പോലൊരു സിനിമ നിര്‍മിക്കുമെന്നും ഖാന്‍ പറഞ്ഞു.

'കശ്മീര്‍ ഫയല്‍സി'ല്‍ നിന്ന് ലഭിക്കുന്ന വരുമാനം കശ്മീരി പണ്ഡിറ്റുകളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവര്‍ക്ക് വീടുകള്‍ നിര്‍മിക്കുന്നതിനും വേണ്ടി കൈമാറണമെന്ന് സിനിമയുടെ നിര്‍മാതാക്കളോട് ഖാന്‍ അഭ്യര്‍ഥിച്ചു. ഐഎഎസ് ഓഫിസറുടെ ട്വീറ്റ് വൈറലായതോടെ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താന്‍ സിനിമയുടെ സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി അനുമതി തേടിയിരുന്നു.

മാര്‍ച്ച് 11ന് റിലീസ് ചെയ്ത കശ്മീരിലെ പണ്ഡിറ്റുകളുടെ പലായനത്തെക്കുറിച്ച് പറയുന്ന സിനിമ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും വലിയ വിമര്‍ശനത്തിന് വഴിവച്ചിരിക്കുകയാണ്. മുസ്‌ലിം വംശഹത്യയ്ക്ക് ആഹ്വാനം നല്‍കുന്നതും സമൂഹത്തില്‍ മുസ്‌ലിം വിദ്വേഷം വളര്‍ത്തുന്നതുമാണെന്നാണ് ഉയരുന്ന വിമര്‍ശനം. മധ്യപ്രദേശും ഗുജറാത്തും ഉള്‍പ്പെടെ ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളും സിനിമയ്ക്ക് നികുതി ഒഴിവാക്കിയിട്ടുണ്ട്.

Tags:    

Similar News