കമാല്‍മൗല മസ്ജിദില്‍നിന്ന് വിഗ്രഹങ്ങള്‍ ഉള്‍പ്പെടെയുള്ള 94 ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെടുത്തെന്ന് പുരാവസ്തു വകുപ്പ്

Update: 2024-07-15 16:49 GMT

ഇന്‍ഡോര്‍: മധ്യപ്രദേശിലെ കമാല്‍ മൗല മസ്ജിദ് സമുച്ചയത്തില്‍നിന്ന് 94 വിഗ്രഹങ്ങള്‍ ഉള്‍പ്പെടെ തകര്‍ന്ന നിലയിലുള്ള ക്ഷേത്രാവശിഷ്ഠങ്ങള്‍ കണ്ടെടുത്തതായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപോര്‍ട്ട്. തിങ്കളാഴ്ച മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ച് മുമ്പാകെ സമര്‍പ്പിച്ച സര്‍വേ റിപോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 2,000 പേജുള്ള ശാസ്ത്രീയ സര്‍വേ റിപോര്‍ട്ട് പ്രകാരം സ്ഥലത്ത് ഹൈന്ദവ പൂജ മാത്രമേ നടത്താവൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്. റിപോര്‍ട്ട് ഈ മാസം 22ന് കോടതി പരിഗണിക്കും. കമാല്‍ മൗല മസ്ജിദില്‍ എഎസ്‌ഐയുടെ നേതൃത്വത്തില്‍ മൂന്നു മാസം നീണ്ട സര്‍വേയുടെ റിപോര്‍ട്ടാണ് എഎസ്‌ഐ കൗണ്‍സല്‍ ഹിമാന്‍ഷു ജോഷി കോടതിയില്‍ സമര്‍പ്പിച്ചത്.

    ഹിന്ദു ഫ്രണ്ട് ഫോര്‍ ജസ്റ്റിസ് എന്ന പേരിലുള്ള സംഘടനയാണ് ഭോജ്ശാല സമുച്ചയത്തിലെ പള്ളി ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് മധ്യപ്രദേശ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്ത് സര്‍വേ നടത്താന്‍ മാര്‍ച്ച് 11ന് ഹൈക്കോടതി ഉത്തരവിട്ടു. മാര്‍ച്ച് 22ന് എഎസ്‌ഐ സര്‍വേ തുടങ്ങി. ജൂലൈ 15നകം പൂര്‍ണമായ സര്‍വേ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഈ മാസം ആദ്യം ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഭോജ്ശാലയില്‍ ദിവസവും പൂജ നടത്തുന്നത് 2003ല്‍ എഎസ്‌ഐ വിലക്കിയത് ചോദ്യംചെയ്തും കമാല്‍ മൗല പള്ളിയില്‍ നടക്കുന്ന പ്രാര്‍ഥന തടയണമെന്നും ആവശ്യപ്പെട്ടാണ് ഹിന്ദു വിഭാഗം കോടതിയെ സമീപിച്ചത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടം പൂര്‍ണമായി സരസ്വതി ക്ഷേത്രമാണെന്നാണ് വാദം. 2003ലെ എഎസ്‌ഐ ഉത്തരവ് പ്രകാരം ഇവിടെ എല്ലാ ചൊവ്വാഴ്ചയും പൂജ നടക്കുന്നുണ്ട്. വാഗ്‌ദേവി സരസ്വതിയുടെ ക്ഷേത്രമാണിതെന്നും സമുച്ചയത്തിന്റെ ഒരു ഭാഗവും ഉപയോഗിക്കാന്‍ മുസ് ലിംകള്‍ക്ക് അവകാശമില്ലെന്നും ഹരജിക്കാര്‍ വാദിച്ചിരുന്നു. അതേസമയം, ഇതിനോടു ചേര്‍ന്നുള്ള കമാല്‍ മൗല മസ്ജിദില്‍ എല്ലാ വെള്ളിയാഴ്ചയും ജുമുഅ നമസ്‌കാരവും നടക്കുന്നുണ്ട്.

    സരസ്വതി ദേവിയുടെ വിഗ്രഹം ലണ്ടന്‍ മ്യൂസിയത്തില്‍നിന്നു കൊണ്ടുവന്ന് ക്ഷേത്രത്തില്‍ പുനഃസ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹിന്ദു വിഭാഗത്തിന്റെ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. എ.ഡി 1034ല്‍ അന്നത്തെ ധാര്‍ ഭരണാധികാരി ഭോജ്ശാലയില്‍ പ്രതിഷ്ഠിച്ച വിഗ്രഹം 1857ല്‍ ബ്രിട്ടീഷുകാര്‍ ലണ്ടനിലേക്കു കടത്തിയെന്നാണ് ഇവരുടെ വാദം.

Tags:    

Similar News