പോക്‌സോ കേസ് ഇരയോട് മോശമായി പെരുമാറി; എഎസ്‌ഐക്കെതിരേ കേസെടുത്ത് എസ്‌സി-എസ്ടി കമ്മീഷന്‍
കല്‍പ്പറ്റ: പോക്‌സോ കേസ് ഇരയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ വയനാട് അമ്പലവയല്‍ എഎസ്‌ഐക്കെതിരേ പട്ടികജാതി- വര്‍ഗ കമ്മീഷന്‍ കേസെടുത്തു. വയനാട് എസ്പിയോട് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടു. എഎസ്‌ഐ ബാബുവിനെ കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തിരുന്നു. എഎസ്‌ഐയുടെ അറസ്റ്റ് ഉടനുണ്ടായേക്കും. പോക്‌സോ കേസില്‍ ഇരയായ പട്ടികജാതി വിഭാഗത്തിലെ 17കാരിയെ പെണ്‍കുട്ടിയെ ഊട്ടിയില്‍ തെളിവെടുപ്പിന് കൊണ്ടുപോയപ്പോള്‍ അമ്പലവയല്‍ എഎസ്‌ഐ ആയിരുന്ന ടി ജി ബാബു മോശമായി പെരുമാറിയെന്നാണ് പരാതി. ഇയാള്‍ കുട്ടിയെ ഫോട്ടോ ഷൂട്ടിനും നിര്‍ബന്ധിച്ചു. ഒക്ടോബര്‍ 26 നായിരുന്നു കേസിനാസ്പദമായ സംഭവം.
പോക്‌സോ കേസില്‍ ഇരയായി കണിയാമ്പറ്റ നിര്‍ഭയ ഹോമില്‍ കഴിയുന്ന പെണ്‍കുട്ടിയെ സീന്‍ മഹസര്‍ തയ്യാറാക്കുന്നതിനായി ഊട്ടിയിലെത്തിച്ചപ്പോള്‍ ഉപദ്രവിച്ചെന്നാണ് ആരോപണം. വനിതാ പോലിസുകാരിയും പുരുഷ പോലിസുദ്യോഗസ്ഥനും സമീപത്തുനിന്ന് മാറിയപ്പോള്‍ കൂടെയുണ്ടായിരുന്ന എഎസ്‌ഐ ബാബു മോശമായി പെരുമാറിയെന്നാണ് പെണ്‍കുട്ടി ഡബ്ല്യുസിസിക്ക് നല്‍കിയ മൊഴി. വയനാട് എസ്പി ഈ വിഷയം അന്വേഷിക്കുകയും കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. എസ്പിയുടെ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിഐജി രാഹുല്‍ ആര്‍ നായരാണ് സസ്‌പെന്‍ഷന്‍ ഉത്തരവിട്ടത്. ഇതിനു പിന്നാലെയാണ് ഇന്ന് എസ്‌സി- എസ്ടി കമ്മീഷനും കേസെടുത്തത്.