പോക്‌സോ കേസ് ഇരയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്: എഎസ്‌ഐക്കെതിരായ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം

Update: 2022-11-14 08:10 GMT

കല്‍പ്പറ്റ: വയനാട് അമ്പലവയല്‍ പോക്‌സോ കേസ് ഇരയെ ഗ്രേഡ് എഎസ്‌ഐ ടി ജെ ബാബു പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പോലിസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം. ഊട്ടിയിലെ തെളിവെടുപ്പിനിടെ എഎസ്‌ഐ മകളുടെ കൈയില്‍ കയറിപ്പിടിച്ചു. സംഭവം പുറത്തുപറയരുതെന്ന് പോലിസ് മകളോട് ആവശ്യപ്പെട്ടെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രതികരിച്ചു. തെളിവെടുപ്പിന് കൊണ്ടുപോയ മറ്റ് ഉദ്യോഗസ്ഥരോട് കുട്ടി ഇതെല്ലാം തുറന്നുപറഞ്ഞിരുന്നു. പോലിസുകാരനെതിരേ കര്‍ശന നടപടി വേണം. അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധമുണ്ട്. മകള്‍ക്ക് നീതി കിട്ടണം.

പോലിസിനെ വിശ്വസിച്ചാണ് മകളെ തെളിവെടുപ്പിന് അവര്‍ക്കൊപ്പം അയച്ചതെന്നും തെളിവെടുപ്പിന്റെ പേരില്‍ കുട്ടിയെ ഊട്ടിയില്‍ കൊണ്ടുപോയി ക്രൂരത കാണിക്കരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ അന്വേഷണത്തില്‍ വിശ്വാസമില്ല. ആദിവാസികളെപ്പോലെയാണ് തങ്ങളെ കണക്കാക്കുന്നത്. വിദ്യാഭ്യാസമില്ല, വിവരമില്ല എന്നൊക്കെയാണ് അവരുടെ ചിന്താഗതി. പോലിസ് വീട്ടിലേക്ക് വന്നിട്ടില്ല, ഒപ്പിടാനാണെന്ന് പറഞ്ഞ് തന്ന സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു, അവിടെ ചെന്നപ്പോള്‍ ഒന്നും ചെയ്യിക്കാതെ പറഞ്ഞയച്ചു- പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു.

കേസെടുത്തതിന് പിന്നാലെ വയനാട്ടിലെ ഷെല്‍ട്ടര്‍ ഹോമിലായിരുന്ന പെണ്‍കുട്ടി അവിടെ തങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയപ്പോഴാണ് തെളിവെടുപ്പിനെ എഎസ്‌ഐ അപമര്യാദയായി പെരുമാറിയ കാര്യം തങ്ങളോട് വെളിപ്പെടുത്തിയത്. ഊട്ടിയിലെ തെളിവെടുപ്പിന് ശേഷം പോലിസ് സ്‌റ്റേഷനില്‍ നേരിട്ട് പോയി താന്‍ കാര്യങ്ങള്‍ തിരക്കി. മകള്‍ക്ക് പ്രശ്‌നമൊന്നുമില്ലെന്നാണ് അന്ന് പോലിസ് പറഞ്ഞതെന്നും പിതാവ് വെളിപ്പെടുത്തുന്നു.

സംഭവത്തില്‍ എഎസ്‌ഐയെ സസ്‌പെന്റ് ചെയ്തിരുന്നു. വയനാട് അമ്പലവയല്‍ സ്‌റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐയാണ് ടി ജി ബാബു. ജില്ലാ പോലിസ് മേധാവി ആര്‍ ആനന്ദിന്റെ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിഐജി രാഹുല്‍ ആര്‍ നായരാണ് നടപടിയെടുത്തത്. എഎസ്‌ഐക്കെതിരേ പോക്‌സോ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. 17കാരിയായ അതിജീവിതയെ തെളിവെടുപ്പിനായി കൊണ്ടുപോയപ്പോള്‍ മോശമായി പെരുമാറിയെന്നാണ് പരാതി. സംഭവദിവസം കൂടെയുണ്ടായിരുന്ന അന്വേഷണ ഉദ്യോഗസ്ഥനടക്കമുള്ള പോലിസുകാര്‍ക്ക് വീഴ്ച സംഭവിച്ചോയെന്നും അന്വേഷിക്കുന്നുണ്ട്.

Tags:    

Similar News