മഥുരയിലെ ഷാഹി ഈദ് ഗാഹ് മസ്ജിദ് നിര്‍മിച്ചത് ക്ഷേത്രം തകര്‍ത്തിട്ടാണെന്ന് എഎസ്‌ഐ

Update: 2024-02-06 15:02 GMT

ലഖ്‌നോ: മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബ് ക്ഷേത്രം തകര്‍ത്താണ് മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ് നിര്‍മിച്ചതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. വിവരാവകാശ ചോദ്യത്തിന് മറുപടിയായാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഇത്തരത്തില്‍ മറുപടി നല്‍കിയത്. 1920ലെ ഗസറ്റിന്റെ ചരിത്ര രേഖകളെ അടിസ്ഥാനമാക്കിയാണ് വിവരങ്ങള്‍ നല്‍കുന്നതെന്നാണ് മറുപടിയില്‍ പറയുന്നത്. 1920 നവംബറിലെ ഗസറ്റില്‍ നിന്നുള്ള ഒരു ഉദ്ധരണി അറ്റാച്ചുചെയ്താണ് മറുപടി നല്‍കിയിട്ടുള്ളത്. കത്ര കുന്നിന്റെ ഭാഗങ്ങള്‍ പൊളിച്ചാണ് ഔറംഗസീബ് പള്ളി നിര്‍മിച്ചത്. അവിടെ കേശവദേവിന്റെ ക്ഷേത്രം ഉണ്ടായിരുന്നു. അത് പൊളിച്ചുമാറ്റിയാണ് പള്ളി നിര്‍മിച്ചത്. ആ സ്ഥലം നസുല്‍ കുടിയാന്മാരുടെ കൈവശം ഇല്ലാതിരുന്ന സ്ഥലമായിരുന്നുവെന്നും മറുപടിയില്‍ പറയുന്നുണ്ട്. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി നിവാസിയായ അജയ് പ്രതാപ് സിങ് എന്നയാളാണ് വിവരാവകാശ നിയമപ്രകാരം ചോദ്യം ചേദിച്ചത്. എഎസ്‌ഐ ആഗ്ര സര്‍ക്കിളിലെ സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റിന്റെ ഓഫിസില്‍ നിന്നാണ് മറുപടി നല്‍കിയത്. കൃഷ്ണ ജന്മഭൂമി സമുച്ചയത്തിന്റെ ഭാഗമാണെന്ന് അവകാശപ്പെട്ടിരുന്ന കേശവദേവ് ക്ഷേത്രം പൊളിച്ചുനീക്കിയതിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഇദ്ദേഹം ആവശ്യപ്പെട്ടത്. എന്നാല്‍, വിവരാവകാശ മറുപടിയില്‍ 'കൃഷ്ണ ജന്മഭൂമി' എന്ന വാക്ക് പരാമര്‍ശിക്കാതെ, മുഗള്‍ ചക്രവര്‍ത്തി തര്‍ക്കഭൂമിയിലെ കേശവദേവിന്റെ മുന്‍ ക്ഷേത്രം തകര്‍ത്തതെന്നാണ് എഎസ്‌ഐ പറയുന്നത്. എഎസ് ഐയുടെ മറുപടി സുപ്രധാന തെളിവാണെന്നും ഇത് അലഹബാദ് ഹൈക്കോടതിയിലും സുപ്രിം കോടതിയിലും സമര്‍പ്പിക്കുമെന്ന് ശ്രീകൃഷ്ണ ജന്മഭൂമി മുക്തി ന്യാസ് മേധാവി അഡ്വ. മഹേന്ദ്ര പ്രതാപ് സിങ് പറഞ്ഞു. 'ചരിത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തില്‍, 1670ല്‍ ഔറംഗസീബ് ക്ഷേത്രം പൊളിക്കാന്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചതായി ഞങ്ങളുടെ ഹരജിയില്‍ പരാമര്‍ശിച്ചിരുന്നു. അവിടെയാണ് ഷാഹി ഈദ്ഗാ മസ്ജിദ് നിര്‍മിച്ചത്. ഇപ്പോള്‍ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി എഎസ്‌ഐ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തി. ഫെബ്രുവരി 22 ന് വാദം കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ എഎസ് ഐയുടെ മറുപടി ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    ബാബരി മസ്ജിദിനു പിന്നാലെ ഹിന്ദുത്വര്‍ അവകാശവാദം ഉന്നയിക്കുന്ന രണ്ട് മസ്ജിദുകളിലൊന്നാണ് മഥുരയിലെ ഷാഹി ഈദ് ഗാഹ് മസ്ജിദ്. ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്നും ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജി കോടതിയുടെ പരിഗണനയിലാണ്. ഇതിനുപുറമെ, വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദുവിഭാഗത്തിന് പൂജയ്ക്ക് അനുമതി നല്‍കിക്കൊണ്ട് വാരാണസി ജില്ലാ കോടതിയും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

Tags:    

Similar News