പാ രജ്ഞിത്ത് സിനിമകളിലെ രാഷ്ട്രീയ അടയാളങ്ങള്‍
2012ല്‍ ഇറങ്ങിയ അട്ടകത്തി മുതല്‍ സാര്‍പ്പാട്ട പരമ്പരൈ വരെയുള്ള സിനിമകളില്‍ ഒന്നില്‍പോലും തന്റെ രാഷ്ട്രീയം പാ രജ്ഞിത്ത് പറയാതിരുന്നിട്ടില്ല.
യാസിര്‍ അമീന്‍
അരികുവല്‍ക്കരിക്കപ്പെട്ട ജനതയുടെ കഥകളാണ് പാ രജ്ഞിത്ത് തന്റെ സിനിമയിലൂടെ പറയാറുള്ളത്. സിനിമയെ കേവല വിനോദമെന്നതിലുപരി ഒരു രാഷ്ട്രീയപ്രവര്‍ത്തനമായി കാണുന്ന സംവിധായകനാണ് പാ രജ്ഞിത്ത്. 2012ല്‍ ഇറങ്ങിയ അട്ടകത്തി മുതല്‍ സാര്‍പ്പാട്ട പരമ്പരൈ വരെയുള്ള സിനിമകളില്‍ ഒന്നില്‍പോലും തന്റെ രാഷ്ട്രീയം പാ രജ്ഞിത്ത് പറയാതിരുന്നിട്ടില്ല. പാ രജ്ഞിത്ത് സിനിമകളിലെ രാഷ്ട്രീയമാണ് ഇവിടെ സംസാരിക്കുന്നത്.
പാ രജ്ഞിത്തിന്റെ ആദ്യസിനിമയായ അട്ടക്കത്തി 2012ലാണ് ഇറങ്ങുന്നത്. ഒരു മികച്ച റൊമാന്റിക് ഡ്രാമ എന്ന രീതിയിലാണ് അട്ടകത്തി ആ സമയങ്ങളില്‍ വിലയിരുത്തപ്പെട്ടത്. എന്നാല്‍ 2014ല്‍ മദ്രാസ് എന്ന പാ രജ്ഞിത്ത് സിനിമ ഇറങ്ങിയതോടെയാണ് പാ രജ്ഞിത്ത് സിനിമകളിലെ രാഷ്ട്രീയം ചര്‍ച്ചചെയ്യാന്‍ തുടങ്ങിയത്.
അതോടെ അട്ടക്കത്തിയും ആ രീതിയിലുള്ള രാഷ്ട്രീയവായനയ്ക്ക് വിധേയമായി. മദ്രാസ് മുതല്‍ പാ രജ്ഞിത്ത് ക്യത്യമായ രാഷ്ട്രീയമാണ് തന്റെ സിനിമകളിലൂടെ സംസാരിച്ചത്. ദലിത് കമ്മ്യൂണിറ്റിയേയും ആ കമ്മ്യൂണിറ്റിയുടെ രാഷ്ട്രീയത്തേയും അടയാളപ്പെടുത്തുമ്പോള്‍ തന്നെ പുരുഷാധിപത്യം, പശുരാഷ്ട്രീയം, വര്‍ഗീയത, അടിച്ചമര്‍ത്തല്‍ തുടങ്ങി സമൂഹത്തില്‍ നിലനില്‍ക്കുന്ന എല്ലാ തെറ്റായ സിസ്റ്റത്തോടും പാ രജ്ഞിത്ത് തന്റെ സിനിമകളിലൂടെ കലഹിച്ചു. രാഷ്ട്രീയപരമായും അല്ലാതെയും പാ രജ്ഞിത്തിന്റെ മികച്ച സിനിമ മദ്രാസ് ആണെന്നാണ് പൊതുവെ വിലയിരത്തപ്പെടുന്നത്. രജനികാന്ത് എന്ന് സൂപ്പര്‍ താരത്തിന്റെ വലിയ ഇമേജിന് കോട്ടം തട്ടാത്ത രീതിയിലാണ് പാ രജ്ഞിത്ത് കബാലി എന്ന രാഷ്ട്രീയ സിനിമ പാ രജ്ഞിത്ത് അണിയിച്ചൊരിക്കിയത്.
തമിഴ്‌നാട്ടില്‍ അതുവരെ കബാലി എന്നാല്‍ താഴ്ന്ന ജാതിയില്‍ പെട്ടവരെ അധിക്ഷേപകരമായി പരാമര്‍ശിക്കാന്‍ വേണ്ടി ഉപയോഗിച്ച വാക്കായിരുന്നു. എന്നാല്‍ പാ രജ്ഞിത്തിന്റെ സിനിമ ഇറങ്ങിയതോടെ കബാലി എന്ന വാക്കിന് ഒരു മാസ് പരിവേഷം കിട്ടി. തത്വശാസ്ത്രത്തില്‍ ഡികണ്‍സ്ട്രക്ഷന്‍ എന്നാണ് ഇതിനെ പറയുക. അതായത് ഒരു പദത്തിന് നിലവില്‍ നല്‍കിപോരുന്ന അര്‍ത്ഥത്തെ പാടെ മാറ്റിമറിക്കുക. സത്യത്തില്‍ തന്റെ സിനിമകളിലൂടെ പാ രജ്ഞിത്ത് ശ്രമിച്ചത് ഇത്തരത്തിലുള്ള അപനിര്‍മാണത്തിന് വേണ്ടിയാണ്. അദ്ദേഹത്തിന്റെ സിനിമകളെ സസൂക്ഷമം വീക്ഷിച്ചാല്‍ ഇക്കാര്യം നമ്മുക്ക് വ്യക്തമാകും. ഒരോ പോയിന്റുകളായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം
ബുദ്ധന്‍
ബുദ്ധനെ പാ രജ്ഞിത്ത് തന്റെ ചിത്രത്തിലുപയോഗിച്ചത് കേവലമൊരു മതചിഹ്നമായല്ല. രാഷ്ട്രീയ അടയാളമായാണ് ബുദ്ധനെ അദ്ദേഹം ഓരോ സിനിമയിലും ഉപയോഗിച്ചത്. അതിന് പലകാരണങ്ങളുണ്ട്. ബ്രാഹ്മണ്യമതത്തിന്റെ ജാതീയ ഭ്രാന്തിനെതിരേ ഇന്ത്യന്‍ ഭൂഖണ്ഡത്തില്‍ നിന്ന്് ആദ്യമായി ശബ്ദിച്ചത് ബുദ്ധനായിരുന്നു. ബുദ്ധന്‍ മുന്നോട്ടുവച്ച തത്വശാസ്ത്രത്തിന്റെ ആകെ തുക മനുഷ്യനെ തുല്യരായി കാണുക എന്നതാണ്. ജാതീയത പതിന്‍മടങ്ങ് ശക്തിയോടെ തിരിച്ചുവരുന്ന വര്‍ത്തമാനകാലത്ത് അതിനെതിരേ സംസാരിക്കുന്ന സിനിമകളില്‍ ബുദ്ധന്‍ ഒരു രാഷ്ട്രീയ അടയാളം തന്നെയാണ്.
അംബേദ്കര്‍
പാ രജ്ഞിത്ത് സിനിമകളില്‍ അംബേദ്ക്കര്‍ റഫറന്‍സ് ഒഴിച്ചുകൂടാന്‍ ആവാത്തതാണ്. ബാബാ സാഹേബ് അംബേദ്ക്കര്‍ മുന്നോട്ടുവച്ച രാഷ്ട്രീയം തന്നെയാണ് അതിന് കാരണം. അംബേദ്ക്കര്‍ നിലകൊണ്ട രാഷ്ട്രീയത്തിന് വേണ്ടി തന്നെയാണ് താനും നിലകൊള്ളുതെന്ന് ഓരോ സിനിമകളിലൂടെയും പാ രജ്ഞിത്ത് പറഞ്ഞു വയ്ക്കുന്നു. 2018ല്‍ ഇറങ്ങിയ കാല എന്ന സിനിമയിലെ പ്രധാനകഥാപാത്രമായ കരികാലന്‍ എന്ന കഥാപാത്രം മുഴുവനായി തന്നെ അംബേദ്കറുടെ റഫറന്‍സാണ്.
എജ്യുക്യേറ്റ്, അജിറ്റേറ്റ്, ഓര്‍ഗനൈസ്
പാ രജ്ഞിത്ത് സിനിമകളില്‍ പ്രധാനമായി കാണ്ടുവരുന്ന മറ്റൊരു കാര്യം അംബേദ്ക്കറുടെ ഒരു ഉദ്ധരിണിയാണ്. എജ്യുക്യേറ്റ്, അജിറ്റേറ്റ്, ഓര്‍ഗനൈസ്. അതായത് വിദ്യാഭ്യാസം നേടുക, കലഹിക്കുക, സംഘടിക്കുക. ബാബാ സാഹേബ് അംബേദ്ദക്കറുടെ ഈ ഉദ്ധരിണിയിലൂന്നിയാണ് പാ രജ്ഞിത്തിന്റെ ഓരോ സിനിമയും അവസാനിക്കുന്നത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഈ ഉദ്ധരണിയുടെ ആകെതുകയാണ് പാ രജ്ഞിത്തിന്റെ ഓരോ സിനിമയും. കബാലി എന്ന ്ചിത്രത്തില്‍ രജനികാന്തിനെ പരിചയപ്പെടുത്തുന്ന ആദ്യസീനില്‍ രജനികാന്ത് ഒരു പുസ്തകം വായിക്കുന്നതായാണ്് കാണിക്കുന്നത്. മൈ ഫാദര്‍ ബാലയ്യ എന്ന പുസ്തകമാണ് രജനികാന്ത് വായിക്കുന്നത്. ഒരു ദലിതന്റെ മൂന്ന് തലമുറയുടെ കഷ്ടതയും പ്രതിരോധവും പറയുന്ന പുസ്തകമാണത്. തുടക്കത്തില്‍ അങ്ങനെയൊരു സീന്‍ പാ രജ്ഞിത്ത് ചിത്രീകരിച്ചത് അംബേദ്ക്കറുടെ ഈ ഉദ്ധരണിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തന്നെയാണ്. കബാലി മാത്രമല്ല, അട്ടകത്തി, മദ്രാസ്, കാല, സാര്‍പട്ട പരമ്പരൈ തുടങ്ങി തന്റെ എല്ലാ ചിത്രത്തിലും വിദ്യാഭ്യാസം നേടേണ്ട ആവശ്യകത പാ രജ്ഞിത്ത് പറയുന്നുണ്ട്.
നീലനിറം
പാ രജ്ഞിത്ത് തന്റെ സിനിമകളില്‍ ഉപയോഗിക്കുന്ന മറ്റൊരു രാഷ്ട്രീയ അടയാളമാണ് നീല നിറം. നീലനിറം സ്വാതന്ത്ര്യത്തെ സൂചിപ്പിക്കുന്ന നിറമാണ്. മഹായാന ബുദ്ധിസത്തില്‍ നീല മോക്ഷത്തിന്റെ നിറമാണ്. അതായത് സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ നിറം. അതിനാല്‍ തന്നെയാണ് ഇന്ത്യയിലെ ദലിത് കമ്മ്യൂണിറ്റികള്‍ നീല നിറത്തിന് അത്രയേറെ പ്രാധാന്യം നല്‍കുന്നത്. ഗാന, ഒപ്പാരി, റാപ്പ്, തെരുവ് തുടങ്ങി പാ രജ്ഞിത്തിന്റെ സിനിമകളിള്‍ മറ്റനേകം രാഷ്ട്രീയ അടയാളങ്ങള്‍ ഇനിയുമുണ്ട്. സിനിമ കലയ്ക്കുപരി കലാപമാവുന്നത് നിലനില്‍ക്കുന്ന സൗന്ദര്യബിംബങ്ങളോട് കലഹിക്കുമ്പോഴാണ്. ബ്രാഹ്മണിക്കല്‍ സൗന്ദര്യബോധം ഉറച്ചുപോയ ഇന്ത്യന്‍ സിനിമയില്‍ അത്തരം കലാപസിനിമകള്‍ വളരെ കുറച്ചുമാത്രമെ സംഭവിക്കാറുള്ളു. പാ രഞ്ജിത്തിന്റെ എല്ലാ സിനിമകളും അത്തരം ഉറച്ചുപോയ ബോധ്യങ്ങളോട് കലഹിക്കുന്നവയാണ്.