സർദാർ ഉധം സിങ്; സംഘപരിവാറിനെ ഭയപ്പെടുത്തുന്ന "ചിന്തകൾക്ക് തീപ്പിടിപ്പിക്കുന്ന" ചിത്രം
ഒഡ്വയറിന്റെ കൊലപാതക ശേഷം എന്തുകൊണ്ട് ഉധം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം ബ്രിട്ടീഷ് സാമ്രാജ്യത്വം മറച്ചുവയ്ക്കുന്നുവെന്ന് ചിത്രത്തിൽ സ്പഷ്ടമായി കാണിക്കുന്നുണ്ട്.
ചരിത്രത്തെയും യാഥാർത്ഥ്യങ്ങളേയും എന്നും ഭയപ്പെടുന്നവരാണ് ഫാഷിസ്റ്റുകൾ. അതുകൊണ്ട് തന്നെ അവർ നടത്തിപ്പോരുന്ന ചരിത്രത്തിന്റെ അപനിർമാണം ചോദ്യംചെയ്യപ്പെടുന്ന കാലത്ത് തന്നെയാണ് സർദാർ ഉധം സിങ് എന്ന ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയതെന്നത് ശ്രദ്ധേയമാണ്. സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത വി ഡി സവർക്കർ എന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് അടിത്തറയിട്ട സംഘപരിവാര ആചാര്യനെ സ്വാതന്ത്ര്യ പോരാളിയായി വാഴ്ത്തുവാൻ ശ്രമിക്കുന്ന കാലത്താണ്, സ്വാതന്ത്ര്യ സമരത്തിൽ രക്തസാക്ഷിത്വം വരിച്ച യുവ വിപ്ലവകാരി ഉധം സിങ്ങിന്റെ പറയപ്പെടാത്ത കഥയുമായി ഷൂജിത് സർക്കാർ ഇന്ത്യൻ ജനതയ്ക്ക് മുന്നിൽ ഈ ചിത്രം സമർപ്പിച്ചിരിക്കുന്നത്.
ഷൂജിത് സര്‍ക്കാര്‍ 20 വര്‍ഷം മുമ്പ് തന്റെ ആദ്യ സിനിമയായി സ്വപ്‌നം കണ്ടിരുന്ന ചിത്രമാണ് സർദാർ ഉധം സിങ്. തന്റെ സ്വപ്‌ന ചിത്രം എഴുതി തീർക്കാനായി അദ്ദേഹം 18-19 വര്‍ഷം എടുത്തുവെന്നത് സിനിമയിൽ കാണാനുമുണ്ട്. ഇന്ത്യയുടെ ഓസ്കർ എൻട്രിയുടെ ചുരുക്കപ്പട്ടികയിൽ ഈ ചിത്രം ഉൾപ്പെട്ടിട്ടുണ്ട്. റോണി ലാഹിരിയും ഷീൽ കുമാറും ചേർന്ന് നിർമ്മിച്ച ഷൂജിത് സർക്കാർ ചിത്രത്തിൽ ഉധം സിങ്ങായി എത്തുന്നത് വിക്കി കൗശലാണ്. തിരക്കഥാകൃത്തുക്കളായ ശുഭേന്ദു ഭട്ടാചാര്യ, റിതേഷ് ഷാ എന്നിവർ വസ്തുതകളിൽ ഉറച്ചുനിന്നുകൊണ്ട് കാലക്രമത്തെ വലിച്ചെറിയുകയും വരികൾക്കിടയിൽ ആവേശകരമായ സമകാലിക വ്യാഖ്യാനം കടത്തുകയും ചെയ്യുന്നുവെന്നതും ശ്രദ്ധേയമാണ്.
1919-ൽ ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടക്കുമ്പോൾ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപബ്ലിക്കൻ അസോസിയേഷൻ അംഗം കൂടിയായുള്ള ഉധം സിങ്ങിന് 19 വയസ്സേയുള്ളൂ. ആരേയും അസ്വസ്തതപ്പെടുത്തുന്ന ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ കാഴ്ചകൾ നേരിട്ടുകാണുന്ന ഉധം ബ്രിട്ടീഷുകാരോട് പ്രതികാരം ചെയ്യാൻ തീരുമാനിക്കുന്നു. ഇരുപത് വർഷം നീണ്ടുനിൽക്കുന്ന ആ പ്രതികാരത്തിന്റെ അവിശ്വസനീയമായ കഥയാണ് ഷൂജിത് സർക്കാരിന്റെ ഈ മാസ്റ്റർപീസ് ചിത്രം. ഒരു വിപ്ലവകാരിയുടെ അർപ്പണ ബോധമെന്തായിരിക്കണമെന്ന് ഉധം സിങ്ങിലൂടെ സംവിധായകൻ സിനിമയിലുടനീളം കാണിച്ചു തരുന്നുണ്ട്. ജാലിയൻ വാലാബാഗിനെ കുറിച്ച് കേട്ട് മാത്രമാണ് പ്രേക്ഷകർക്ക് പരിചയമുള്ളത്. എന്നാൽ അതിന്റെ ഭീകരതയെ അത്രയേറെ ആഴത്തിൽ ചിത്രീകരിച്ചത് പ്രേക്ഷകരെ തെല്ലൊന്നുമല്ല അസ്വസ്തതപ്പെടുത്തുക.
1931 -ന്റെ തുടക്കത്തിൽ ഭഗത് സിങ് നേതൃത്വം കൊടുത്ത ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപബ്ലിക്കൻ അസോസിയേഷൻ ഏറെക്കുറെ ശിഥിലമായിരുന്നു. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപബ്ലിക്കൻ അസോസിയേഷനിൽ അംഗമായ ഉധമിന് പ്രായത്തിൽ ഇളയവനായ ഭഗത് ആയിരുന്നു ആരാധനാപാത്രം. 1931-ൽ ഭഗത് സിങ് കൊല്ലപ്പെട്ട ശേഷമാണ് ഉധം ജയിൽ മോചിതനാകുന്നത്. നിരവധി സഖാക്കൾ അറസ്റ്റ് ചെയ്യപ്പെടുകയും അത്രയോളം തന്നെ വെടിയേറ്റ് കൊല്ലപ്പെട്ടെന്നും ഉധം മറ്റൊരു സഖാവിനെ ധരിപ്പിക്കുന്നുണ്ട്. പാർട്ടിക്കായി അന്താരാഷ്ട്ര ബന്ധം സ്ഥാപിക്കാനായാണ് ഉധം ഇംഗ്ലണ്ട് ലക്ഷ്യമാക്കി യാത്ര ആരംഭിക്കുന്നത്. ഉധം തടവിൽ നിന്ന് ഇറങ്ങി നാടുവിട്ട കാര്യം ബ്രിട്ടീഷധികൃതർ അറിയുകയും ഉധമിനെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ പരസ്യജീവിതം ഏറെക്കുറെ അസാധ്യമായിരുന്നു.
റഷ്യ വഴി ഒടുവിൽ അദ്ദേഹം ഇംഗ്ലണ്ടിലെത്തുന്നത് മൂന്ന് വർഷത്തെ യാത്രയ്ക്കൊടുവിൽ 1934ലാണ്. അവിടെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണക്കാരനായ മുൻ പഞ്ചാബ് ലെഫ്റ്റനന്റ് ഗവർണർ സർ മൈക്കേൽ ഒഡ്വയറെ കണ്ടെത്തുന്നു. അദ്ദേഹത്തെ വകവരുത്തുന്നതിന് അദ്ദേഹം സഹായം തേടുന്നത് അന്നത്തെ ബ്രിട്ടനിലെ കമ്യൂണിസ്റ്റ് പാർട്ടിയെയാണ്. അതിന് കാരണം ഭഗത് സിങ് മുന്നോട്ട് വച്ച നിലപാടാണെന്നും ഉധമിലൂടെ സംവിധായകൻ പറഞ്ഞുവയ്ക്കുന്നു. ആരും കാണാതെ, അറിയാതെ ഒഡ്വയറെ വധിക്കാൻ നൂറവസരങ്ങൾ കിട്ടുന്നുണ്ടെങ്കിലും ഉധം അവ ഉപയോഗിക്കുന്നില്ല. പ്രതികാരം തീർത്ത് ഒളിച്ചോടാതെ, പൊതുസ്ഥലത്തുവെച്ച് ഒഡ്വയറെ വധിക്കുകയും തുടർന്ന് അതിന്റെ കാര്യകാരണങ്ങൾ ലോകത്തോടു വിളിച്ചു പറയുകയുമായിരുന്നു ഉധമിന്റെ ലക്ഷ്യം. കൃത്യമായി പറഞ്ഞാൽ വിപ്ലവ പ്രസ്ഥാനങ്ങളുടെ കാലാകാലങ്ങളായുള്ള നയം അനുവർത്തിക്കുകയായിരുന്നു അദ്ദേഹം.
1934 മുതൽ 1940ൽ ലക്ഷ്യം കാണുന്നതുവരെ ഉധം, അടിവസ്ത്ര വിൽപനക്കാരൻ മുതൽ സിനിമ സെറ്റ് പ്രവർത്തിക്കുന്ന വേഷങ്ങൾ വരെ എടുത്തണിയുന്നുണ്ട്. യൂറോപ്പ് രണ്ടാം ലോക മഹായുദ്ധത്തിന്റെ വക്കിലായിരുന്നു 1940കളിൽ. ഒടുവിൽ കാത്തിരുന്ന ദിവസമെത്തുന്നു. മാർച്ച് 13, 1940. ലണ്ടനിലെ കാക്സ്റ്റൻ ഹാളിലെത്തുന്നു ഒഡ്വയർ. സംസ്‌കാരശൂന്യരായ ഇന്ത്യക്കാർ തമ്മിലടിച്ചു നശിക്കാതിരിക്കാൻ ബ്രിട്ടീഷ് ഭരണം ആവശ്യമാണെന്ന് അദ്ദേഹം പ്രസംഗിക്കുന്നു. ഉധം നിറയൊഴിക്കുന്നു, ഒഡ്വയറിന്റെ മരണം ഉറപ്പാക്കുന്നു. വിചാരണ സമയത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരേ തനിക്കു പറയാനുള്ളത് അദ്ദേഹം ഉറക്കെ വിളിച്ചുപറയുന്നു. കോടതി ഉധമിന്റെ വാക്കുകൾ പ്രസിദ്ധീകരിക്കുന്നത് വിലക്കി; അതു നീങ്ങിയത് 1994-ൽ മാത്രമാണ്! ആ വാക്കുകൾ അവസാനിക്കുന്നത് ഇങ്ങനെയാണ്: ഡൗൺ വിത് ബ്രിട്ടീഷ് ഇംപീരിയലിസം! ഡൗൺ വിത് ബ്രിട്ടീഷ് ഡേർട്ടി ഡോഗ്സ്!.
ഒഡ്വയറിന്റെ കൊലപാതക ശേഷം എന്തുകൊണ്ട് ഉധം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം ബ്രിട്ടീഷ് സാമ്രാജ്യത്വം മറച്ചുവയ്ക്കുന്നുവെന്ന് ചിത്രത്തിൽ സ്പഷ്ടമായി കാണിക്കുന്നുണ്ട്. അതേ കാരണം തന്നെയായിരുന്നു ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണമെന്നും വ്യക്തവും കൃത്യതയാർന്നതുമായ നിരവധി സംഭാഷണങ്ങളിലൂടെ ചിത്രം പ്രേക്ഷകരോട് സംവദിക്കുന്നുണ്ട്.
ഛായാഗ്രാഹകനായ അവിക് മുഖോപാധ്യായയുടെ കൈയ്യൊപ്പ് ഈ ചിത്രത്തിൽ ഉടനീളം കാണാം. അടിയന്തിര പ്രാധാന്യത്തോടെ വലിയ തെരുവ് രംഗങ്ങൾ ചിത്രീകരിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. 110 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ 45 മിനിറ്റ് നീണ്ടുനിൽക്കുന്ന ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ വൈകാരികമായ ദൃശ്യങ്ങൾ തന്നെയാണ് സിനിമയുടെ കേന്ദ്രബിന്ദു. കാണുന്ന ഓരോ പ്രേക്ഷകനും പേടിസ്വപ്നമായി മാറുന്ന രക്തരൂക്ഷിതമായ ആ കൂട്ടക്കൊലയിൽ നിന്നാണ് ഉധം എന്ന ഒരു മാനവിക നായകൻ ഉയർന്നുവരുന്നത്. ആ ധീരമായ നീക്കത്തെ ചിത്രത്തിൽ കൃത്യമായി അടയാളപ്പെടുത്തുന്നതിൽ ഛായാഗ്രഹന്റെ പങ്ക് ചെറുതല്ല.
ആദ്യ പകുതി നമ്മെ ഒന്നിരുത്തിക്കുന്നെങ്കിലും രണ്ടാം പകുതി പ്രതീക്ഷിക്കാത്തതിലും ഉയരെയെത്തി. ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ ചിത്രീകരണം ഓരോ ഇന്ത്യക്കാരനേയും ഈ കാലത്ത് ഇരുത്തി ചിന്തിപ്പിക്കും. ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് ഇനിയും ബ്രിട്ടീഷുകാർ മാപ്പു പറഞ്ഞിട്ടില്ലെന്ന കാര്യം ഓർമിപ്പിച്ച് അവസാനിപ്പിക്കുന്ന ചിത്രത്തിൽ, ഉധമിനെക്കുറിച്ചുള്ള നിരവധി കാര്യങ്ങൾ ഇന്നും മറച്ചുവയ്ക്കപ്പെട്ടിരിക്കുകയാണെന്ന് കൂടി അടിവരയിടുന്നു. സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവർ രാജ്യം ഭരിക്കുന്ന ഈ കാലത്ത് യഥാർത്ഥ സ്വാതന്ത്ര്യ സമര പോരാളികളെ ചരിത്രത്തിൽ നിന്ന് തുടച്ചുമാറ്റാൻ ശ്രമിക്കുമ്പോൾ ഈ ചിത്രം തീർച്ചയായും സംഘപരിവാര ബുദ്ധികേന്ദ്രങ്ങളെ ഭയപ്പെടുത്തുമെന്നതിൽ തർക്കമില്ല.