പി കെ ബഷീര്‍ എംഎല്‍എയുടെ കൊലവിളിപ്രസംഗം: കേസ് പിന്‍വലിച്ചത് സുപ്രിംകോടതി റദ്ദാക്കി
ദില്ലി: ഏറനാട് മണ്ഡലം മുസ്ലിംലീഗ് എംഎല്‍എ പി കെ ബഷീറിന്റെ ഭീഷണി പ്രസംഗ കേസ് പിന്‍വലിച്ചത് സുപ്രിം കോടതി റദ്ദാക്കി. വധക്കേസില്‍ സാക്ഷിപറഞ്ഞാല്‍ വീട്ടിലെത്തില്ലെന്നായിരുന്നു പി കെ ബഷീറിന്റെ പരാമര്‍ശം. കേസ് പിന്‍വലിച്ച യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനമാണ് സുപ്രിംകോടതി റദ്ദാക്കിയത്. മജിസ്‌ട്രേറ്റ് കോടതിയില്‍ വീണ്ടും കേസ് തുടരാനും സുപ്രിം കോടതി നിര്‍ദ്ദേശിച്ചു .
മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിവാദ പാഠപുസ്തകത്തിനെതിരെ യൂത്ത് ലീഗ് നടത്തിയ സമരത്തില്‍ അധ്യാപകന്‍ കൊല്ലപ്പെട്ടതാണ് ബഷീറിനെതിരായ കേസിനാധാരം. കിരിശേരി ഗവ. സ്‌കൂളില്‍ നടന്ന ക്ലസ്റ്റര്‍ മീറ്റിങില്‍ പങ്കെടുക്കാന്‍ പോയ ജെയിംസ് അഗസ്റ്റിന്‍ എന്ന അധ്യാപകനാണ് മരിച്ചത്.
ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തില്‍ മതമില്ലാത്ത ജീവന്‍ എന്ന അദ്ധ്യായം ചേര്‍ത്തതിനെതിരെയുള്ള സമരത്തിനിന്റെ ഭാഗമായി മീറ്റിങ്് നടന്നുകൊണ്ടിരിക്കെ ഒരുകൂട്ടം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ക്ലാസ് റൂമിലേക്ക് ഇരച്ചുകയറുകയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അധ്യാപകന്‍ കൊല്ലപ്പെടുകയുമായിരുന്നു. ഈ കേസില്‍ ഏതാനും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു. പിന്നീട് നടന്ന ഒരു പൊതുയോഗത്തിലാണ് ബഷീര്‍ ഭീഷണി മുഴക്കിയത്.
ഏറനാട് നിയോജകമണ്ഡലം മുസ്്‌ലിം ലീഗ് കമ്മിറ്റിയൊരു തീരുമാനമെടുത്തിട്ടുണ്ട്. ഇതിന്റെ പ്രസിഡന്റ് എന്ന നിലയ്ക്ക് ഞാന്‍ പറയുകയാണ്, ഈ കേസ് കോടതിയില്‍ എന്നെങ്കിലും വരികയാണെങ്കില്‍ സാക്ഷി പറയാന്‍ ആരെങ്കിലും എത്തിയാല്‍ അവന്‍ ജീവനോടെ തിരിച്ചുപോകില്ല എന്നായിരുന്നു ബഷീറിന്റെ പ്രസംഗം.