പരിക്ക്: നദാല്‍ സെമിയില്‍ പിന്‍മാറി, ജോക്കോവിച്ച് ഫൈനലില്‍

Update: 2018-09-08 09:04 GMT

ന്യൂയോര്‍ക്:കഴിഞ്ഞ വര്‍ഷം നേടിയ യു എസ് ഓപണ്‍ നിലനിര്‍ത്താനായി സെമിയില്‍ ഇറങ്ങിയ നിലവിലെ ലോക ഒന്നാം നമ്പര്‍ താരം സ്‌പെയിനിന്റെ റാഫേല്‍ നദാലിന് പരിക്കോടെ പിന്‍മാറേണ്ടി വന്നു. ലോക മൂന്നാം നമ്പര്‍ താരം അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോയുമായുള്ള സെമി മല്‍സരത്തിനിടെ ഉണ്ടായ കാല്‍മുട്ടിനേറ്റ പരിക്കാണ് നദാലിന്റെ വീണ്ടുമൊരു യു എസ് ഓപണ്‍ കിരീടനേട്ട സ്വപ്‌നത്തിന് വിള്ളല്‍ വീഴ്ത്തിയത്. അതേ സമയം, ലോക ഏഴാം നമ്പര്‍ താരം യുവാന്‍ മരിന്‍ സിലിച്ചിനെ ക്വാര്‍ട്ടറില്‍ അട്ടിമറിച്ച കെയ് നിഷിക്കോരിയെ പരാജയപ്പെടുത്തി ജോാക്കോവിച്ച് ഫൈനലില്‍ പ്രവേശിച്ചു. ഫൈനലില്‍ ജോക്കോവിച്ചും ഡെല്‍ പോട്രോയും ഏറ്റുമുട്ടും.
6-7,2-6 ന് പിന്നില്‍ നില്‍ക്കവേയാണ് നദാലിന്റെ പരിക്ക് അസഹനീയമായത്. പിന്നാലെ മല്‍സരത്തില്‍ നിന്ന് പിന്‍മാറുന്നതായി താരം പ്രഖ്യാപിക്കുകയും ചെയ്തതോടെ സൂപ്പര്‍ പോരാട്ട വിരുന്നിനായെത്തിയ ഗ്യാലറിയിലെ ഓരോ ആരാധക മുഖത്തും നിരാശയുടെ പാടുകള്‍ തെളിഞ്ഞു. ഒടുവില്‍ വിജയഘോരമില്ലാതെ ഡെല്‍ പോട്രോ യു എസ് ഓപണിന്റെ ഫൈനലിലേക്ക് മുന്നേറി. മല്‍സരത്തിലെ ആദ്യ സെറ്റില്‍ തന്നെ തന്റെ കാല്‍ മുട്ടിന് വേദന അനുഭവപ്പെട്ടെന്നും അത് വകവയ്ക്കാതെ താന്‍ മല്‍സരം തുടരുകയായിരുന്നെന്നും പിന്‍മാറിയതിന് പിന്നാലെ നദാല്‍ പറഞ്ഞു.
ഒമ്പത് വര്‍ഷത്തിന് ശേഷമാണ് യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോയിലൂടെ ഒരു അര്‍ജന്റീനന്‍ താരം ഗ്രാന്‍സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്നത്. മുമ്പ് 2009ല്‍ ഡെല്‍ പോട്രോ തന്നെയാണ് ഈ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കളിച്ചത.് അന്ന് ലോക ഒന്നാം നമ്പര്‍ താരമായിരുന്ന റോജര്‍ ഫെഡററെ പരാജയപ്പെടുത്തി താരം കിരീടം സ്വന്തമാക്കുകയും ചെയ്തിരുന്നു. മല്‍സരത്തില്‍ നദാലിനെ ഞെട്ടിച്ചു കൊണ്ട് ഡെല്‍ പോട്രോയാണ് തകര്‍ത്താടിയത്.


എന്നാല്‍ ദീര്‍ഘ നാളത്തെ പരിക്കിന് ശേഷം ടെന്നിസ് കോര്‍ട്ടിലേക്ക് അവതരിച്ച സെര്‍ബിയയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ജോക്കോവിച്ച് ജപ്പാന്‍ താരമായ കെയ് നിഷിക്കോരിയെ 6-4,6-3,6-2 എന്ന സ്‌കോറുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. തന്റെ എട്ടാം യുഎസ് ഓപണ്‍ ഫൈനലില്‍ മാറ്റുരയ്ക്കുന്ന ജോക്കോവിച്ച് മൂന്നാം ടൂര്‍ണമെന്റ് കിരീടമാണ് ലക്ഷ്യമിടുന്നത്. ഇന്ന് നടക്കുന്ന ഫൈനലില്‍ ഡെല്‍ പോട്രോയെ പരാജയപ്പെടുത്തിയാല്‍ 14ാം ഗ്രാന്‍സ്ലാം കിരീടമെന്ന നോട്ടത്തിനൊപ്പം താരമെത്തും.
Tags:    

Similar News