കേരളത്തെ മാതൃകാ സംസ്ഥാനമാക്കിയത് കെ ആര്‍ ഗൗരിയമ്മ : വി എം സുധീരന്‍
ജനങ്ങള്‍ തന്നെ ഏല്‍പ്പിച്ച അധികാരം അങ്ങേയറ്റം അത്മാര്‍ഥമായി ജനങ്ങള്‍ക്കായി ഉപയോഗിച്ച വ്യക്തിയായിരുന്നു ഗൗരിയമ്മ
ആലപ്പുഴ : സമഗ്രമായ ഭൂപരിഷ്‌കണ നിയമത്തിന് നേതൃത്വം നല്‍കി ഇന്ത്യ ഒട്ടാകെ കേരളത്തെ അഭിനന്ദനപൂര്‍വ്വം നോക്കിക്കണ്ടതിനും മാതൃകാ സംസ്ഥാനം എന്ന് വിശേഷിപ്പിക്കുന്നതിനും ഇടവരുത്തിയ ശില്‍പിയാണ് കെ ആര്‍ ഗൗരിയമ്മയെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍.ജനാധിപത്യ സംരക്ഷണ സമിതി(ജെഎസ്എസ് ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലപ്പുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച കെ ആര്‍ ഗൗരിയമ്മയുടെ 104ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ തന്നെ ഏല്‍പ്പിച്ച അധികാരം അങ്ങേയറ്റം അത്മാര്‍ഥമായി ജനങ്ങള്‍ക്കായി ഉപയോഗിച്ച വ്യക്തിയായിരുന്നു ഗൗരിയമ്മ. സാമ്പത്തികമായും, സാമൂഹികമായും മാറ്റപ്പെട്ടിരുന്ന പാവപ്പെട്ടവരെ മണ്ണിന്റെ അവകാശികളാക്കിയതും ഗൗരിയമ്മയായിരുന്നു. രാവിലെ 8.30ന് താന്‍ നിയമസഭയില്‍ അവതരിപ്പിച്ച അഴിമതി നിരോധന നിയമം പാസാക്കാനായി തന്റെ ശാരീരിക അവശതകള്‍ മാനിക്കാതെ പിറ്റേന്ന് പുലര്‍ച്ചെ 4.30വരെ നിയമസഭയില്‍ ചിലവഴിച്ച വ്യക്തികൂടിയാണ് കെ ആര്‍ ഗൗരിയമ്മയെന്നും സുധീരന്‍ പറഞ്ഞു.
ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് പ്രഫ.എ വി താമരാക്ഷന്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എ എന്‍ രാജന്‍ ബാബു ആമുഖ പ്രസംഗം നടത്തി. ജന്മദിനാഘോഷ സംഘാടക സമിതി കണ്‍വീനര്‍ അഡ്വ.സന്‍ജീവ് സോമരാജന്‍,ജോണി നെല്ലൂര്‍, ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ്, മുസ്ലിം ലീഗ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ എം നാസര്‍, മുന്‍ എംഎല്‍എമാരായ എ എ ഷുക്കൂര്‍, കെ കെ ഷാജു എന്നിവരും ജെഎസ്എസ് സംസ്ഥാന നേതാക്കളായ ആര്‍ പൊന്നപ്പന്‍, കാട്ടുകുളം സലിം, ബാലരാമപുരം സുരേന്ദ്രന്‍, ആര്‍. ശശീന്ദ്രന്‍, എന്‍ കുട്ടികൃഷ്ണന്‍ പ്രസംഗിച്ചു.