ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് ടാങ്കറില്‍നിന്ന് ആസിഡ് ചോര്‍ന്നത് ജനങ്ങളെ പരിഭ്രാന്ത്രിയിലാഴ്ത്തി. ദേശീയപാതയില്‍ മുക്കട ജങ്ഷനിലാണ് സംഭവമുണ്ടായത്. ഏറെ മണിക്കുറുകള്‍ നീണ്ടുനിന്ന പ്രയത്‌നത്തിനുശേഷമാണ് പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞത്. ടാങ്കറിലെ ജീവനക്കാര്‍ തന്നെയാണ് ആസിഡ് ചോരുന്നത് ആദ്യം കണ്ടത്. ഡ്രൈവര്‍ സമയോചിതമായി റോഡരികില്‍ ലോറി നിര്‍ത്തുകയും ഉടന്‍ അഗ്‌നി രക്ഷാസേനയെ വിവരം അറിയിക്കുകയും ചെയ്തതിനാല്‍ വന്‍ അപകടമൊഴിവായി. ഏലൂര്‍ ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സില്‍നിന്ന് ചവറ കെഎംഎംഎല്ലിലേക്ക് കൊണ്ടുപോയ ഹൈഡ്രോക്ലോറിക്ക് ആസിഡാണ് ചോര്‍ന്നത്. വൈകീട്ട് നാലുമണിയോടെയാണ് സംഭവം.
വിവരം ഉടന്‍തന്നെ കായംകുളം അഗ്‌നിരക്ഷാസേനയെ അറിയിച്ചു. കായംകുളം, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍നിന്നുള്ള അഗ്‌നിരക്ഷാസേനയുടെ യൂനിറ്റുകളെത്തി ടാങ്കറിലെ ചോര്‍ച്ച പരിഹരിക്കാന്‍ ശ്രമം ആരംഭിച്ചു. ഒപ്പം ചവറ കെഎംഎംഎല്ലിലും വിവരമറിയിച്ചതോടെ അവിടെ നിന്നും ടാങ്കര്‍ ലോറിയും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കായംകളം പോലിസും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. ടാങ്കറില്‍നിന്ന് ഒഴുകിയ ആസിഡ് അഗ്‌നി രക്ഷാസേന വെള്ളമൊഴിച്ച് നിര്‍വീര്യമാക്കി. ചവറയില്‍നിന്നെത്തിയ ടാങ്കറിലേക്ക് ആസിഡ് മാറ്റുകയും രാത്രി 9 മണിയോടെ പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. ഇതു മൂലം ദേശീയ പാതയില്‍ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.