കൊവിഡ് മരണം: കുടുംബങ്ങള്‍ക്ക് നാലുലക്ഷം അനുവദിക്കണമെന്ന് എ എം ആരിഫ് എംപി
ആലപ്പുഴ: രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ദുരന്തനിവാരണ നിധിയില്‍നിന്നുള്ള സഹായധനത്തിന് അര്‍ഹതയുണ്ടെന്ന സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി എ എം ആരിഫ് എംപി. 2015ല്‍ കേന്ദ്രം അംഗീകരിച്ച മാനദണ്ഡപ്രകാരം ദുരന്തത്തില്‍പ്പെട്ട് മരിക്കുന്ന വ്യക്തികളുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപ ലഭിക്കാന്‍ അര്‍ഹതയുണ്ട്.
ഇത് കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്കും ബാധകമാണെന്ന് കാണിച്ച് 2020 മാര്‍ച്ച് 14നു് ഉത്തരവ് ഇറക്കിയ കേന്ദ്രസര്‍ക്കാര്‍ അന്നുതന്നെ ഉത്തരവ് തിരുത്തി കൊവിഡ് മരണങ്ങളെ പട്ടികയില്‍നിന്നും ഒഴിവാക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ച എല്ലാവരുടെയും കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപ വീതം അനുവദിക്കണമെന്നാവശ്യപ്പെട്ട് മെയ് 31ന് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു. ആ നിലപാട് സുപ്രിംകോടതി അംഗീകരിച്ചതില്‍ ചാരിതാര്‍ഥ്യമുണ്ട്.
കഴിഞ്ഞവര്‍ഷം മാത്രം കോര്‍പറേറ്റുകളുടെ കിട്ടാക്കടമായ 1.53 ലക്ഷം കോടി രൂപയാണ് ബാങ്കുകള്‍ എഴുതിത്തള്ളിയത്. സഹായധനം നല്‍കാന്‍ ആ തുകയുടെ ചെറിയൊരു ഭാഗം മാത്രം മതിയെന്നിരിക്കെ സുപ്രിംകോടതി വിധിയുടെ അന്തസ്സത്ത ഉള്‍കൊണ്ട് എത്രയും വേഗം ധനസഹായം ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ എംപി ആവശ്യപ്പെട്ടു.