വീട്ടിലേക്കുള്ള വഴി പ്രളയജലം കവര്‍ന്നെടുത്തു; തീരം ഇടിഞ്ഞുതാഴുന്നു, വീട്ടുകാര്‍ ഭീതിയില്‍
ജയകുമാര്‍
ചെങ്ങന്നൂര്‍: പ്രളയം ഏറെ ദുരിതം വിതച്ച ചെങ്ങന്നൂരില്‍, മാസമേറെക്കഴിഞ്ഞിട്ടും തീര്‍ത്തും ഒറ്റപ്പെട്ട നിലയിലാണ് ഒരു കുടുംബം. തിരുവന്‍വണ്ടൂര്‍ അഞ്ചാം വാര്‍ഡില്‍ വരട്ടാറിന്റെ തീരത്തുള്ള വിമുക്ത ഭടന്‍ ശ്രീകുമാറിന്റെ വീട്ടിലേക്കുള്ള വഴി പ്രളയജലം കവര്‍ന്നെടുക്കുകയായിരുന്നു. 12 മീറ്റര്‍ വീതിയില്‍ 30 മീറ്റര്‍ നീളത്തോളം ഭാഗം ഇടിഞ്ഞു താഴുകയായിരുന്നു.
പൈപ്പിങ് പ്രതിഭാസമാണ് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. മേല്‍മണ്ണിനു ഒരു മീറ്റര്‍ താഴെയായി മണല്‍ ശേഖരമാണ് ഈ പ്രദേശമാകെ. താഴെയുള്ള മണല്‍ ഊര്‍ന്നു പോകുകയും മേല്‍ മണ്ണ് ഇടിഞ്ഞുതാഴുകയുമാണ് ചെയ്യുന്നത്.
പ്രളയം തീര്‍ന്ന ഉടന്‍ തന്നെ പഞ്ചായത്തധികൃതരടക്കം രേഖാമൂലം പരാതിപ്പെട്ടിട്ടും കൈയൊഴിഞ്ഞ മട്ടാണ്. വരട്ടാര്‍ 90 ഡിഗ്രിയില്‍ തിരിയുന്ന ഈ പ്രദേശം വിദഗ്ധരുടെ നിര്‍ദ്ദേശാനുസരണം തീരം കെട്ടി സംരക്ഷിക്കുകയോ പുതിയ തീരസംരക്ഷണ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ വേണം. കെട്ടിടത്തിനു ബലക്ഷയവുമുണ്ട്.
സമീപവാസിയുടെ പറമ്പില്‍ക്കൂടിയാണ് നിലവില്‍ 6 അംഗങ്ങള്‍ ഉള്ള ഇവരുടെ സഞ്ചാരം. അധികൃതര്‍ തിരിഞ്ഞു നോക്കാതായതോടെ കലക്ടര്‍ക്കും പ്രധാനമന്ത്രിക്കും ഇക്കാര്യങ്ങള്‍ കൂടി ചൂണ്ടിക്കാണിച്ച് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഈ കുടുംബം.