ഓണ്‍ലൈന്‍ ട്രേഡിങിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; കോഴിക്കോട് സ്വദേശികള്‍ അറസ്റ്റില്‍

Update: 2024-10-21 05:57 GMT

ആലപ്പുഴ: ഓണ്‍ലൈന്‍ ട്രേഡിങിന്റെ പേരിലുള്ള രണ്ട് സൈബര്‍ തട്ടിപ്പ് കേസുകളില്‍ കോഴിക്കോട് കൊടുവള്ളി സ്വദേശികളായ രണ്ട് യുവാക്കളെ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കോഴിക്കോട് താമരശ്ശേരി കരുവന്‍പൊയില്‍ കൊടുവള്ളി മുനിസിപ്പല്‍ 18-ാം വാര്‍ഡില്‍ പടിഞ്ഞാറെ തൊടിയില്‍ വീട്ടില്‍ മുഹമ്മദ് മിസ്ഫിര്‍ (20) കോഴിക്കോട് ചാത്തമംഗലം പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ മുണ്ടോട്ട് പൊയില്‍ വീട്ടില്‍ ജാബിര്‍ (19) എന്നിവരാണ് പിടിയിലായത്.

മാന്നാറിലെ മുതിര്‍ന്ന പൗരന് 2.67 കോടി രൂപ നഷ്ടപ്പെട്ട സംഭവത്തില്‍ ആലപ്പുഴ സൈബര്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുഹമ്മദ് മിസ്ഫിര്‍ പിടിയിലായത്. വെണ്‍മണിയിലെ യുവാവിന് 1.3 കോടി നഷ്ടപ്പെട്ട സംഭവത്തില്‍ വെണ്‍മണി പോലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ തന്റെ മാതാവിന്റെ അക്കൗണ്ടിലൂടെ ലക്ഷങ്ങള്‍ പിന്‍വലിപ്പിച്ച് തട്ടിപ്പുകാര്‍ക്ക് കൈമാറിയതിനാണ് ജാബിര്‍ അറസ്റ്റിലായത്.

ജാബിറിനെ ചെങ്ങന്നൂര്‍ ജ്യുഡിഷ്യല്‍ ഫസ്റ്റ്ക്‌ളാസ് മജിസ്‌ട്രേറ്റ് ഒന്നാം കോടതിയിലും മിസ്ഫിറിനെ ആലപ്പുഴ സിജെഎം കോടതിയിലും ഹാജരാക്കി. ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.






Similar News