പുരാവസ്തു തട്ടിപ്പ്: മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ വീണ്ടും ക്രൈംബ്രാഞ്ച് റെയ്ഡ്

Update: 2021-10-22 02:46 GMT

കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ വീണ്ടും ക്രൈംബ്രാഞ്ച് സംഘത്തിന്റെ റെയ്ഡ്. പരിശോധനയില്‍ നിരവധി ഗര്‍ഭനിരോധന ഗുളികകള്‍ കണ്ടെത്തി. മോന്‍സണെതിരായ പോക്‌സോ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം റെയ്ഡ് നടത്തിയത്. തന്നെ പലതവണ വാഗ്ദാനങ്ങള്‍ നല്‍കി മോന്‍സണ്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. പല സ്ത്രീകളും മോന്‍സന്റെ വീട്ടില്‍ സന്ദര്‍ശനം നടത്താറുണ്ടെന്നും പെണ്‍കുട്ടി പോലിസിനോട് വ്യക്തമാക്കിയിട്ടുണ്ട്.

വീട്ടിലെ ട്രീറ്റ്‌മെന്റ് മുറിയില്‍നിന്നാണ് ഗര്‍ഭനിരോധന ഗുളികകള്‍ അടക്കമുള്ളവ കണ്ടെത്തിയതെന്നാണ് വിവരം. അതേസമയം, മോന്‍സന്റെ ഇറ്റലിയിലുള്ള സുഹൃത്ത് അനിതാ പുല്ലയിലിന്റെ മൊഴി അന്വേഷണസംഘം ഇന്നലെ രേഖപ്പെടുത്തിയിരുന്നു. വീഡിയോ കോള്‍ വഴി മൊഴിയെടുത്ത അന്വേഷണസംഘം മോന്‍സണുമായുള്ള സാമ്പത്തിക ഇടപാടുകളാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്.

ഗുണ്ടാ നേതാവ് ഓം പ്രകാശുമായി മോന്‍സണ് അടുത്ത ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. 2019ല്‍ ഓം പ്രകാശിനെതിരേ ഒരു യുവതി നല്‍കിയ പരാതി ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടത് മോന്‍സണ്‍ മാവുങ്കലാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഓം പ്രകാശിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശത്താണെന്നും ഞായറാഴ്ച നാട്ടിലെത്താമെന്നും ഓം പ്രകാശ് അറിയിച്ചു. മോന്‍സണിനെതിരായ തട്ടിപ്പുകേസ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക വിഭാഗമാണ് അന്വേഷിക്കുന്നത്.

Tags:    

Similar News