കോഴിക്കോട്: ഞെളിയന്‍പറമ്പില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യാത്ത കോര്‍പറേഷന്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും മറ്റൊരു ബ്രഹ്മപുരമാക്കാന്‍ അനുവദിക്കില്ലെന്നും എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി. എല്ലാത്തരം മാലിന്യവും ഒരുമിച്ചാണ് ഇവിടെയും തള്ളുന്നത്. വര്‍ഷങ്ങളായി കൂട്ടിയിട്ട മാലിനിന്യങ്ങളുടെ വര്‍ധിച്ച തോതിലുള്ള ചീയല്‍ അമിതമായ ചൂടുണ്ടാക്കുകയും തീപ്പിടിത്തത്തിന് കാരണമാവുകയും ചെയ്യുമെന്നിരിക്കെ ഞെളിയന്‍പറമ്പില്‍ മാലിന്യങ്ങള്‍ വേര്‍തിരിക്കുന്ന പ്രവൃത്തി വര്‍ഷങ്ങളായി നടക്കുന്നില്ല എന്നത് ആശങ്കാജനകമാണ്.
250 കോടി രൂപയുടെ മാലിന്യസംസ്‌കരണ പ്ലാന്റ് നിര്‍മിക്കാനുള്ള പദ്ധതി ഇനിയും നടപ്പാക്കാന്‍ കോര്‍പറേഷന് കഴിഞ്ഞിട്ടില്ല. നേരത്തെയുള്ള മാലിന്യ കൂമ്പാരം നീക്കം ചെയ്താല്‍ മാത്രമേ പ്ലാന്റ് നിര്‍മിക്കാന്‍ കഴിയുകയുള്ളൂ എന്നിരിക്കെ ഇതിന് കരാര്‍ കൊടുത്ത സോണ്‍ഡ ഇന്‍ഫ്രാടെക് എന്ന കമ്പനി ഒരു പ്രവൃത്തിയും നടത്തിയിട്ടില്ല. 7.75 കോടി രൂപയുടെ കരാര്‍ പൂര്‍ത്തിയാക്കാനുള്ള ഒരു നീക്കവും കമ്പനിയുടെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ല. മാലിന്യങ്ങള്‍ മണ്ണ് മാന്തി ഉപയോഗിച്ച് ഉഴുതുമറിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്.
ബയോ മൈനിങ് പോലുള്ള സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തത് മാലിന്യത്തിന് തീപ്പിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതാണെന്നിരിക്കെ പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കുന്നതിനു പകരം പ്രദേശത്തേക്ക് ആളുകള്‍ വരുന്നതും സത്യം പുറത്തുവരുന്നതും തടയുന്നതിനാണ് കോര്‍പറേഷന്‍ ജാഗ്രത കാണിക്കുന്നത്. ഈ അനാസ്ഥ ഞെളിയന്‍പറമ്പ് മറ്റൊരു ബ്രഹ്മപുരമാക്കുമെന്ന് ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. സോണ്‍ഡ ഇന്‍ഫ്രാ ടെക്കിന്റെ കേസുകാര്യസ്ഥത മറച്ചുപിടിക്കാന്‍ ഡെപ്യൂട്ടി മെയര്‍ അടക്കം കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.
മാലിന്യങ്ങള്‍ വേര്‍തിരിക്കുന്ന പ്രവൃത്തി നടന്നിട്ടില്ലെന്ന് കോര്‍പറേഷന്‍ തന്നെ പറയുന്നതിന് ഇടയിലാണ് ഉത്തറവാദപ്പെട്ടവരുടെ ഇത്തരം പ്രസ്താവനകള്‍. മാലിന്യ ക്രൈസിസ് ഉണ്ടാക്കി അതിന്റെ പേരില്‍ അഴിമതി നടത്താനുള്ള ശ്രമമാണ് ഇതെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. മറ്റൊരു ബ്രഹ്മപുരമാക്കാന്‍ അനുവദിക്കില്ലെന്നും ശാസ്ത്രീയമായ മാലിന്യസംസ്‌കരണത്തിന് അധികൃതര്‍ തയ്യാറായില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടുപോവുമെന്നും ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
ജില്ലാ വൈസ് പ്രസിഡന്റ് വാഹിദ് ചെറുവറ്റ അധ്യക്ഷത വഹിച്ചു. കെ ജലീല്‍ സഖാഫി, എന്‍ കെ റഷീദ് ഉമരി, പി ടി അഹമ്മദ്, ടി കെ അസീസ് മാസ്റ്റര്‍, കെ ഷമീര്‍, കെ പി ഗോപി, റഹ്മത്ത് നെല്ലൂളി, കെ വി പി ഷാജഹാന്‍, അബ്ദുല്‍ ഖയ്യൂം, സലിം കാരാടി, അഡ്വ. ഇ കെ മുഹമ്മദ് അലി, എം അഹമ്മദ് മാസ്റ്റര്‍, ജുഗല്‍ പ്രകാശ്, കെ കെ ഫൗസിയ, എം എ സലിം, പി വി ജോര്‍ജ്, സി ടി അഷ്‌റഫ്, നിസാം പുത്തൂര്‍ എന്നിവര്‍ സംസാരിച്ചു.