പള്ളിക്കര: ബ്രഹ്മപുരം മെംബര്‍ ജങ്ഷന് സമീപം സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് കുട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മലക്ക് തീപിടിത്തം. മാര്‍ച്ച് 28ന് തുടങ്ങിയ തീപിടിത്തം ചൊവ്വാഴ്ചയും പൂര്‍ണമായി അണക്കാനായിട്ടില്ല. വാര്‍ഡ് അംഗം നവാസിന്റെ നേതൃത്വത്തില്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍, പോലിസ് കമീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാസേനയുടെ നാല് യൂനിറ്റുകള്‍ തിങ്കളാഴ്ച തുടര്‍ച്ചയായി പരിശ്രമിച്ചെങ്കിലും തീ പൂര്‍ണമായും അണക്കാന്‍ കഴിഞ്ഞിട്ടില്ല. ചൊവ്വാഴ്ചയും ശ്രമം തുടരുകയാണ്.
28ന് തീപിടിത്തം ഉണ്ടായെങ്കിലും അഗ്‌നിരക്ഷാസേനയുടെ വാഹനങ്ങള്‍ക്ക് പ്രദേശത്തേക്ക് പ്രവേശനം പ്രയാസമായതിനാല്‍ വാഹനങ്ങള്‍ എത്തിയിരുന്നില്ല. എന്നാല്‍ തുടര്‍ച്ചയായി തീ കത്തി പരിസര പ്രദേശങ്ങളില്‍ ദുര്‍ഗന്ധം രൂക്ഷമാകുകയും പരിസരപ്രദേശങ്ങളിലുള്ളവര്‍ക്ക് ശ്വാസതടസം ഉള്‍പ്പെടെ അനുഭവ പെടുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. തുടര്‍ന്നാണ് അധികൃതരുടെ ഇടപെടലുണ്ടായത്.കഴിഞ്ഞ മാര്‍ച്ച് മൂന്നിന് ഇവിടെ തീപിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് വടവുകോട് പുത്തന്‍ കുരിശ് പഞ്ചായത്ത് സെക്രട്ടറി ഇന്‍ഫോപാര്‍ക്ക് പോലിസിന് പരാതി നല്‍കിയിരുന്നങ്കിലും തുടര്‍ നടപടി ഉണ്ടായില്ലന്ന് ആക്ഷേപം ശക്തമാണ്.
രാത്രിയുടെ മറവിലാണ് ഇവിടെ മാലിന്യം കൊണ്ടുവന്ന് തള്ളുന്നത്. ആള്‍താമസം ഇല്ലാത്ത പ്രദേശമായതിനാല്‍ പരിസരപ്രദേശത്തുള്ളവര്‍ അറിയുകയുമില്ല. ഏക്കര്‍കണക്കിന് സ്ഥലം റിയല്‍ എസ്‌റ്റേറ്റ് ലോബികള്‍ ഇവിടെ വാങ്ങികൂട്ടിയിരിക്കുകയാണ്. ഈ സ്ഥലങ്ങളില്‍ ചില പ്രദേശത്തെ ആളുകളുടെ പിന്തുണയോടെയാണ് മാലിന്യം തള്ളിയതെന്നാണ് ആരോപണം. ഇത്തരക്കാരെ കുറിച്ച് വാര്‍ഡ് അംഗം നല്‍കിയ പരാതിയില്‍ സൂചന നല്‍കിയിരുന്നങ്കിലും പോലിസ് നടപടിയെടുത്തിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്.