അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വധഭീഷണി: ദിലീപിനെതിരേ കൊലപാതക ഗൂഢാലോചനക്കുറ്റം കൂടി ചുമത്തി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെതിരേ ഐപിസി 302 വകുപ്പ് കൂടി ചുമത്തി. കൊലപാതക ഗൂഢാലോചനാക്കുറ്റമാണ് ചുമത്തിയത്. 120 ബിക്കൊപ്പമാണ് 302ാം വകുപ്പ് കൂടി ഉള്‍പ്പെടുത്തിയത്. നേരത്തെ ചുമത്തിയ വകുപ്പുകളില്‍ മാറ്റം വരുത്തി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ റിപോര്‍ട്ട് നല്‍കി. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപടക്കമുള്ള ആറ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. അതിനിടെയാണ് അന്വേഷണസംഘത്തിന്റെ പുതിയ നീക്കം.
നടിയെ ആക്രമിച്ച കേസിലെ മുഖ്യസൂത്രധാരന്‍ ദിലീപാണെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. ദീലീപിന് ജാമ്യം നല്‍കുന്നതിനെയും നേരത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടി എന്‍ സൂരജ്, ബന്ധു അപ്പു, സുഹൃത്തുക്കളായ ശരത്ത്, ബൈജു ചെങ്ങമനാട് എന്നിവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ് തന്നോടുള്ള പ്രതികാരത്തിന്റെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നതെന്നാണ് ദിലീപിന്റെ വാദം.
ഭീഷണി കേസ് പോലിസിന്റെ കള്ളക്കഥയാണെന്നും ഹരജിയില്‍ പറയുന്നു. എന്നാല്‍, നടിയെ ആക്രമിച്ച കേസിലെ സാക്ഷികള്‍ കൂറുമാറിയതടക്കം ദിലീപിന്റെ ഇടപെടലാണെന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ലൈംഗിക പീഡനത്തിന് വേണ്ടി ക്രിമിനലുകള്‍ക്ക് ക്വട്ടേഷന്‍ നല്‍കുകയെന്ന് നീതിന്യായ ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും. ഈ കേസ് അട്ടിമറിക്കാന്‍ ഓരോ ഘട്ടത്തിലും ദിലീപ് ശ്രമിച്ചു. ദിലീപ് ഉന്നത സ്വാധീനമുള്ള വ്യക്തിയാണ്.
ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും കേസ് അട്ടിമറിക്കപ്പെടുമെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. നടിയെ ആക്രമിച്ച കേസിലെ ദിലീപിന്റെ പങ്കാളിത്തം കൂടുതല്‍ തെളിയിക്കുന്നതാണ് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍. ഗൂഢാലോചനക്കേസ് ഗുരുതരസ്വഭാവമുള്ളതാണ്. ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദ സാംപിളുകളും പ്രതികളുടെ ശബ്ദവും ഫൊറന്‍സിക് പരിശോധന നടത്തണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.