ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്‌സ് സംസ്ഥാന അവാര്‍ഡുകള്‍ വിതരണം ചെയ്തു

16 വിഭാഗങ്ങളിലായി ഗോള്‍ഡന്‍ ലീഫ്, സില്‍വര്‍ ലീഫ്, പ്രത്യേക ജൂറി പരാമര്‍ശം പുരസ്‌കാരങ്ങള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വിതരണം ചെയ്തു

Update: 2022-05-10 09:58 GMT

കൊച്ചി: പുതിയ ടൂറിസം സെക്രട്ടറി ചാര്‍ജ് ഏറ്റെടുത്തശേഷം ഡിസൈന്‍ പോളിസി അടക്കം വരുമെന്നും ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്തു പരിഹാരം കാണുമെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.കണ്ണൂര്‍ പയ്യാമ്പലം കൃഷ്ണ ബീച്ച് റിസോര്‍ട്ടില്‍ ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ് കേരള സ്‌റ്റേറ്റ് അവാര്‍ഡ് വിതരണം നടത്തുകയായിരുന്നു മന്ത്രി.

ഡിസൈന്‍ ഓഡിറ്റിംഗ് അത്യാവശ്യമാണ്. ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ ടൂറിസം സെക്രട്ടറി അടക്കമുള്ളവരുമായി ചര്‍ച്ചചെയ്യാന്‍ കെടിഐഎല്‍ ചുമതല മനോജ് കിനിയെ ഏല്‍പ്പിച്ചിട്ടുണ്ട്.നാളത്തെ നാടിന്റെ സംസ്‌കാരം നിര്‍ണയിക്കുന്നത് ഇന്ന് നാം ഉണ്ടാക്കുന്ന കെട്ടിടങ്ങളാണ്. നന്നായി ഡിസൈന്‍ ചെയ്യപ്പെടുന്ന റോഡ്, പാലങ്ങള്‍, ഗ്രാമങ്ങള്‍ തുടങ്ങിയവ കേരളത്തിന്റെ മുഖച്ഛായ മാറ്റും. കേരളീയ വാസ്തു ശാസ്ത്രം നാടിന്റെ ആത്മാവിന് ഉള്‍ക്കൊണ്ടതാണ്. അതുകൊണ്ടാണ് ചരിത്രത്തിനു മുന്നില്‍ നമ്മുടെ വാസ്തുശില്പകല ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നത്.

ഓരോ നാടിനും ഒരു വ്യത്യസ്ത ചരിത്രവും പാരമ്പര്യവും ഉണ്ടെന്നും മന്ത്രി പറഞ്ഞു.മനുഷ്യചരിത്രത്തില്‍ ആദിമകാലം മുതല്‍ വാസ്തു കലക്ക് പ്രാധാന്യമുണ്ടായിരുന്നു. ആധുനിക വല്‍ക്കരണത്തിന്റെ ഫലമായി വാസ്തുശില്പകല സാങ്കേതികമായി നവീകരിക്കപ്പെട്ടു. തികച്ചും പോസിറ്റീവായ പുരോഗതിയാണ് ഈ മേഖലയില്‍ ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.16 വിഭാഗങ്ങളിലായി ഗോള്‍ഡന്‍ ലീഫ്, സില്‍വര്‍ ലീഫ്, പ്രത്യേക ജൂറി പരാമര്‍ശം പുരസ്‌കാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു.കണ്‍വീനര്‍ സജോ ജോസഫ് , സെന്റര്‍ ചെയര്‍മാന്‍ സുജിത് കുമാര്‍ , ചാപ്റ്റര്‍ ചെയര്‍മാന്‍ എല്‍ ഗോപകുമാര്‍ , കണ്ണൂര്‍ സെന്റര്‍ സെക്രട്ടറി ടി വി ലിജു പങ്കെടുത്തു.

Tags:    

Similar News