കണ്ണൂര്‍: സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ തലവനെന്ന് സിപിഎം വിശേഷിപ്പിച്ച ആകാശ് തില്ലങ്കേരിക്ക് പൊതുവേദിയില്‍ ട്രോഫി സമ്മാനിച്ച് ഡിവൈഎഫ്‌ഐ നേതാവ്. ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ എം ഷാജറാണ് വിവാദത്തിലായിരിക്കുന്നത്. തില്ലങ്കേരി പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മല്‍സരത്തിലെ സമ്മാനം നല്‍കാനാണ് ഡിവൈഎഫ്‌ഐ നേതാവ് ഷാജര്‍ ആകാശ് തില്ലങ്കേരിയുമായി വേദി പങ്കിട്ടത്.
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിന് പിന്നാലെ ക്വട്ടേഷന്‍, ലഹരിക്കടത്ത് സംഘത്തലവനായ ആകാശ് തില്ലങ്കേരി അടക്കമുള്ളവരെ ഒറ്റപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ കാംപയിന്‍ നടത്തിയിരുന്നു. കഴിഞ്ഞ ജൂണില്‍ തില്ലങ്കേരിയില്‍ ഡിവൈഎഫ്‌ഐ ജാഥയും നടത്തി. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ ആകാശിനെ പേരെടുത്ത് തള്ളിപ്പറഞ്ഞിരുന്നു. ആകാശ് അടങ്ങുന്ന കൊട്ടേഷന്‍ സംഘത്തെ പാര്‍ട്ടി ഒരു ചുമതലയും ഏല്‍പ്പിച്ചിട്ടില്ലെന്നാണ് അന്ന് ജയരാജന്‍ വ്യക്തമാക്കിയത്.
ഡിവൈഎഫ്‌ഐ നേതൃത്വം തന്നെക്കുറിച്ച് ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അത് തുടര്‍ന്നാല്‍ പരസ്യമായി രംഗത്തെത്തേണ്ടിവരുമെന്നും ആകാശ് പരസ്യമായി വെല്ലുവിളി നടത്തിയിരുന്നു. സാമൂഹികമാധ്യമ യുദ്ധത്തിന്റെ പേരില്‍ ഡിവൈഎഫ്‌ഐ പോലിസില്‍ പരാതിയും നല്‍കിയതാണ്.
നേരത്തെ ഷുഹൈബ് വധക്കേസില്‍ റിമാന്‍ഡിലായ ആകാശ് തില്ലങ്കേരി, പിന്നീട് കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത അര്‍ജുന്‍ ആയങ്കിയുടെ അടുത്ത സുഹൃത്താണെന്ന വിവരം പുറത്തുവന്നതോടെയാണ് വീണ്ടും വിവാദനായകനായത്. ഈ കേസില്‍ ആകാശിനെ കസ്റ്റംസ് ചോദ്യം ചെയ്‌തെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. സിപിഎം അംഗമായിരുന്ന ആകാശിനെ ഷുഹൈബ് വധത്തിന് ശേഷമാണ് പാര്‍ട്ടി പുറത്താക്കിയത്. സംഭവത്തെക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നാണ് ഇതെക്കുറിച്ച് എം ഷാജര്‍ നല്‍കിയ വിശദീകരണം.