ആലപ്പുഴ: ഹരിപ്പാട് എസ്എഫ്‌ഐ വനിതാ നേതാവിനെ ഡിവൈഎഫ്‌ഐ നേതാവ് ആക്രമിച്ച കേസില്‍ പരാതിയില്ലെന്ന് പെണ്‍കുട്ടി. പോലിസ് മൊഴിയെടുക്കാനെത്തിയെങ്കിലും പരാതിയില്ലെന്ന് പെണ്‍കുട്ടി അറിയിക്കുകയായിരുന്നു. സിപിഎം- ഡിവൈഎഫ്‌ഐ നേതാക്കളുടെ ഇടപെടലിനെത്തുടര്‍ന്നാണ് യുവതി പരാതി പിന്‍വലിച്ചതെന്നാണ് വിവരം. പരാതിയില്ലാത്തതിനാലാണ് കേസെടുക്കാത്തതെന്ന് ഹരിപ്പാട് സിഐയും പ്രതികരിച്ചു. വനിതാ എസ്‌ഐ ആശുപത്രിയിലെത്തി പെണ്‍കുട്ടിയെ കണ്ടിരുന്നു. കേസിന് താല്‍പ്പര്യമില്ലെന്നാണ് ചിന്നു പറഞ്ഞതെന്ന് സിഐ പറഞ്ഞു.
ഹരിപ്പാട്ടെ ഡിവൈഎഫ്‌ഐ നേതാവായ അമ്പാടി ഉണ്ണിക്കെതിരേ ഹരിപ്പാട് എസ്എഫ്‌ഐ ഏരിയാ പ്രസിഡന്റായ ചിന്നുവാണ് പരാതി നല്‍കിയിരുന്നത്. തിങ്കളാഴ്ച വൈകുന്നേരം നാലരയോടെ സുഹൃത്തിനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന എസ്എഫ്‌ഐ ഹരിപ്പാട് ഏരിയാ കമ്മിറ്റി അധ്യക്ഷ ചിന്നുവിനു നേരെയാണ് അക്രമണമുണ്ടായത്. ഡിവൈഎഫ്‌ഐ മേഖല പ്രസിഡന്റും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ അമ്പാടി ഉണ്ണിയും സിപിഎം പ്രവര്‍ത്തകരും ചേര്‍ന്ന് ബൈക്കിടിപ്പിച്ച് വീഴ്ത്തി മര്‍ദ്ദിച്ചെന്നായിരുന്നു പരാതി.
മര്‍ദ്ദനത്തിനിടയില്‍ അപസ്മാരം ബാധിച്ച ചിന്നു റോഡില്‍ കുഴഞ്ഞുവീഴുകയും ചെയ്‌തെന്ന് ചിന്നുവിനൊപ്പം ബൈക്കിലുണ്ടായിരുന്ന വിഷ്ണു പറയുന്നു. ഇതെത്തുടര്‍ന്ന് അമ്പാടി ഉണ്ണിയെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു. തലയ്ക്കും ശരീരത്തും മുറിവേറ്റ ചിന്നു ഹരിപ്പാട് താലൂക്കാശുപത്രിയില്‍ ചികില്‍സയിലാണ്. ഉണ്ണിയുടെ വിവാഹം മുടക്കാന്‍ ചിന്നുവും സുഹൃത്തും ശ്രമിച്ചതിലെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു വിവരം. അതേസമയം, നിയമനടപടിയെടുക്കേണ്ടത് പെണ്‍കുട്ടിയാണെന്നും മര്‍ദ്ദിച്ച ഡിവൈഎഫ്‌ഐ നേതാവ് അമ്പാടി ഉണ്ണിയെ സംഘടനയില്‍ നിന്നും പുറത്താക്കിയെന്നും പാര്‍ട്ടി ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നുമാണ് ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വം പ്രതികരിച്ചത്.