പാലക്കാട്: ഒറ്റപ്പാലത്ത് ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടിക്കൊന്നു. ഡിവൈഎഫ്‌ഐ ഒറ്റപ്പാലം പനയൂര്‍ ഹെല്‍ത്ത് സെന്റര്‍ യൂനിറ്റ് പ്രസിഡന്റ് ശ്രീജിത്ത് (27) ആണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കിനിടെയാണ് സംഭവം. സംഭവത്തില്‍ അയല്‍വാസിയായ ജയദേവനെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. സ്ഥിരമായി മദ്യപിച്ചെത്തി വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കാറുണ്ട് ജയദേവന്‍. ഇന്നലെയും ഇതാവര്‍ത്തിച്ചു.
ജയദേവന്‍ തന്റെ പ്രായമായ അമ്മയെ മര്‍ദ്ദിക്കുന്നത് കണ്ട് ശ്രീജിത്ത് ജയദേവന്റെ വീട്ടിലേക്ക് കയറിച്ചെന്ന് തടയാന്‍ ശ്രമിച്ചു. ശ്രീജിത്തിനൊപ്പം മറ്റ് മൂന്നുപേര്‍ കൂടിയുണ്ടായിരുന്നു. തടയാന്‍ ശ്രമിച്ചപ്പോള്‍ ജയദേവന്‍ പ്രകോപിതനായി. പിന്നാലെയാണ് ഇയാള്‍ ശ്രീജിത്തിനെ വെട്ടിക്കൊന്നത്. ഒപ്പമുണ്ടായിരുന്ന മൂന്നുപേര്‍ക്കും പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. വെട്ടേറ്റ ഉടനെ ശ്രീജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നേരത്തെയും ജയദേവന്‍ ഇത്തരത്തില്‍ മദ്യപിച്ചെത്തി പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. അന്നും ശ്രീജിത്ത് ജയദേവനെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.