കൊച്ചിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ ഇരുമ്പ്തട്ട് തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്

Update: 2024-05-06 06:19 GMT

കൊച്ചി: കൊച്ചി സ്മാര്‍ട്ട് സിറ്റി മേഖലയിലെ കെട്ടിട നിര്‍മാണത്തിനിടെ ഉണ്ടായ അപകടത്തില്‍ ഒരു തൊഴിലാളി മരിച്ചു. ഗുരുതര പരിക്കേറ്റ ബിഹാര്‍ സ്വദേശി ഉത്തമാണ് മരിച്ചത്. അപകടത്തില്‍ അഞ്ച് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇവര്‍ കൊച്ചി സണ്‍റൈസ് ആശുപത്രിയില്‍ ചികിത്സയിലാണ്. തൊഴിലാളികളുടെ തലക്കും കാലിനുമാണ് പരിക്കേറ്റത്. രാവിലെ എട്ടരയോടെ കൊച്ചി ഇന്‍ഫോ പാര്‍ക്കിനോട് ചേര്‍ന്നുള്ള സ്മാര്‍ട്ട് സിറ്റി മേഖലയിലാണ് അപകടമുണ്ടായത്. നിര്‍മാണത്തിലിരുന്ന ആറു നില കെട്ടിടത്തിന്റെ പെയിന്റിങ്ങിനായി സ്ഥാപിച്ച ഇരുമ്പ് ഫ്രെയിം നിലംപതിക്കുകയായിരുന്നു.

പല തട്ടുകളിലായുള്ള ഇരുമ്പ് ഫ്രെയിമില്‍ പത്തോളം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഫ്രെയിമിന്റെ ഏറ്റവും മുകളിലെ തട്ടില്‍ നിന്ന തൊഴിലാളിയാണ് മരിച്ചത്. ഇരുമ്പ് ഫ്രെയിമുകള്‍ക്കടിയില്‍ കുടുങ്ങിയ രണ്ടു പേരെ സഹ തൊഴിലാളികള്‍ രക്ഷപ്പെടുത്തി. മറ്റ് രണ്ടു പേരെ ഇലട്രിക് കട്ടര്‍ ഉപയോഗിച്ച് ഇരുമ്പ് ഫ്രെയിമുകള്‍ മുറിച്ചുമാറ്റി അഗ്‌നിശമനസേനയാണ് രക്ഷപ്പെടുത്തിയത്. അഗ്‌നിശമനസേനയുടെ തൃക്കാക്കര യൂനിറ്റ് ആണ് രക്ഷപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.




Tags:    

Similar News