സ്‌കൂള്‍ ഓഡിറ്റോറിയം വിദ്യാര്‍ഥികളുമായി ബന്ധമില്ലാത്ത പരിപാടികള്‍ക്ക് ഉപയോഗിക്കരുത്: ഹൈക്കോടതി

Update: 2024-05-18 05:25 GMT
കൊച്ചി: സ്‌കൂളുകളിലെ ഓഡിറ്റോറിയം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുമായി ബന്ധമില്ലാത്ത പരിപാടികള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കരുതെന്ന് ഹൈക്കോടതി.

'സ്‌കുളുകളുടെ, പ്രത്യേകിച്ച് സര്‍ക്കാര്‍ സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുമായി ബന്ധമില്ലാത്ത പരിപാടികള്‍ക്കുവേണ്ടി എങ്ങനെയാണ് അനുവദിക്കാനാവുക' ഇക്കാര്യത്തില്‍ ആലോചനകളും നടപടികളും ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെയാണ് ഉത്തരവ്. തിരുവനന്തപുരം മണ്ണന്തല ഗവ. സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയം മതപരമായ ഒരു ചടങ്ങിന് വിട്ടു നല്‍കാത്ത പ്രധാനാധ്യാപികയുടെ നടപടി ചോദ്യം ചെയ്ത് എസ്.എന്‍.ഡി.പി യോഗം മണ്ണന്തല ശാഖ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

പൊതുസ്വത്തായതിനാല്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ വിദ്യാഭ്യാസപരമല്ലാത്ത കാര്യങ്ങള്‍ക്ക് പോലും ഉപയോഗിക്കാമെന്ന സങ്കല്പം പഴഞ്ചനാണ്. ആധുനികകാലത്ത് നമ്മുടെ ചിന്തകള്‍ക്കും മാറ്റമുണ്ടാകണമെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്‌കൂള്‍ സമയത്തിനുശേഷം പരിപാടി സംഘടിപ്പിക്കാനാണ് അനുമതി തേടിയതെന്നും കാരണമില്ലാതെയാണ് പ്രധാനാധ്യാപിക ആവശ്യം നിരസിച്ചതെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.

കുട്ടികളുടെ താത്പര്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ മറ്റൊന്നിനും സ്‌കൂളും സൗകര്യങ്ങളും ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതിയുടെതന്നെ മുന്‍ ഉത്തരവുകളുണ്ട്. ഇത് മുന്‍നിര്‍ത്തിയാണ് പ്രധാനാധ്യാപിക ഈ നിലപാട് സ്വീകരിച്ചതെന്ന് കോടതി വ്യക്തമാക്കി.




Tags:    

Similar News