അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു

ഇയാള്‍ ഏറെ നേരമായി കോളേജിനു മുന്നിലൂടെ അമിത വേഗത്തില്‍ ബൈക്കില്‍ കറങ്ങി നടക്കുകയായിരുന്നു.

Update: 2023-07-27 04:16 GMT

മൂവാറ്റുപുഴ: കോളേജ് കവാടത്തിനു മുന്നിലെ റോഡില്‍ അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായ കൂട്ടുകാരിക്ക് സാരമായി പരിക്കേറ്റു. മൂവാറ്റുപുഴ നിര്‍മല കോളേജിലെ അവസാന വര്‍ഷ ബി.കോം വിദ്യാര്‍ഥിനി ആര്‍. നമിത (20) യാണ് ബുധനാഴ്ച വൈകീട്ട് നാലരയോടെയുണ്ടായ അപകടത്തില്‍ മരിച്ചത്. വാളകം കുന്നയ്ക്കാല്‍ വടക്കേ പുഷ്പകം വീട്ടില്‍ രഘുവിന്റെയും ഗിരിജയുടെയും മകളാണ് നമിത. കോട്ടയം പൂവക്കുളം മണിമലയില്‍ എം.ഡി. ജയരാജന്റെ മകള്‍ അനുശ്രീ രാജിനാണ് (20) പരിക്കേറ്റത്. ബൈക്ക് ഓടിച്ചിരുന്ന ഏനാനല്ലൂര്‍ കുഴുമ്പിത്താഴം കിഴക്കേമുട്ടത്ത് ആന്‍സണ്‍ റോയി (22) ക്കും പരിക്കുണ്ട്. ഇയാള്‍ ഏറെ നേരമായി കോളേജിനു മുന്നിലൂടെ അമിത വേഗത്തില്‍ ബൈക്കില്‍ കറങ്ങി നടക്കുകയായിരുന്നു.

കോളേജില്‍നിന്ന് പരീക്ഷ കഴിഞ്ഞ് കൂട്ടുകാര്‍ക്കൊപ്പം വീട്ടില്‍ പോകാനെത്തിയതായിരുന്നു ഇവര്‍. തൊടുപുഴ-മൂവാറ്റുപുഴ റോഡിലെ കോളേജ് കവാടത്തില്‍ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുമ്പോള്‍ മൂവാറ്റുപുഴ ഭാഗത്തുനിന്ന് അമിത വേഗത്തിലെത്തിയ ബൈക്ക് ഇവരെ ഇടിക്കുകയായിരുന്നു. ബൈക്കിന്റെ ഹാന്‍ഡിലില്‍ കുടുങ്ങിക്കിടന്ന നമിതയെയും കൊണ്ട് നൂറുമീറ്ററോളം ബൈക്ക് പാഞ്ഞു. പിന്നീട് നമിത റോഡില്‍ തലയിടിച്ച് വീണു. അനുശ്രീ റോഡരികിലേക്ക് തെറിച്ചുവീഴുകയായിരുന്നു. കഴുത്തിനും തലയ്ക്കും സാരമായി പരിക്കേറ്റ നമിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.അപകടം നടക്കുമ്പോള്‍ നൂറുകണക്കിന് കുട്ടികള്‍ സ്ഥലത്തുണ്ടായിരുന്നു. കുട്ടികളാണ് ഓടിയെത്തി ഇവരെ മൂവാറ്റുപുഴ നിര്‍മല ആശുപത്രിയിലെത്തിച്ചത്. നമിതയുടെ മൃതദേഹം നിര്‍മല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൂവാറ്റുപുഴ വിവേകാനന്ദ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ആര്‍. നന്ദിത സഹോദരിയാണ്.

അപകടമുണ്ടാക്കിയ ആന്‍സണ്‍ റോയ് മുന്‍പ് ചില കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അപകടം ഉണ്ടാകും മുന്‍പ് ഇയാള്‍ ബൈക്കിലെത്തി കോളേജിലെ ചില വിദ്യാര്‍ഥികളുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നമിതയുടെ മൃതദേഹം നിര്‍മല കോളേജില്‍ വ്യാഴാഴ്ച 11.30-ന് പൊതുദര്‍ശനത്തിന് വെക്കും. 3.30-ന് മൂവാറ്റുപുഴ നഗരസഭാ ശ്മശാനത്തില്‍ സംസ്‌കരിക്കും. കോളേജിന് വ്യാഴാഴ്ച അവധിയായിരിക്കുമെന്നും സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ലെന്നും പ്രിന്‍സിപ്പല്‍ ഡോ. കെ.വി. തോമസ് അറിയിച്ചു.

കൊലപാതക ശ്രമമടക്കം പ്രതിയുടെ പേരില്‍ കേസുണ്ടെന്നാണ് പോലീസ് പറയുന്നത്. അപകടമുണ്ടാകുന്നതിനു മുന്‍പ് കോളേജ് പരിസരത്ത് അമിത വേഗത്തില്‍ ഇയാള്‍ ചുറ്റിക്കറങ്ങിയിരുന്നു. കോളേജിനു മുന്നില്‍ ബൈക്കിരപ്പിച്ച ഇയാളും വിദ്യാര്‍ഥികളുമായി തര്‍ക്കമുണ്ടാക്കി. തുടര്‍ന്ന് സ്ഥലംവിട്ട ഇയാള്‍ പിന്നീട് അമിത വേഗത്തില്‍ പാഞ്ഞെത്തിയാണ് അപകടമുണ്ടാക്കിയത്. ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അപകടത്തിന്റെയടക്കം ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.

അപകട ശേഷം ആശുപത്രിയില്‍വെച്ച് 'വാഹനമായാല്‍ ഇടിക്കും' എന്ന് ബൈക്കോടിച്ചിരുന്ന ആന്‍സണ്‍ പ്രതികരിച്ചത് വിദ്യാര്‍ഥികളുടെ രോഷത്തിനിടയാക്കി. ഇതോടെ ആശുപത്രി പരിസരത്ത് സംഘര്‍ഷമായി.മുന്നൂറോളം വിദ്യാര്‍ഥികള്‍ അവിടെ തടിച്ചുകൂടി. ഏറെ ബുദ്ധിമുട്ടിയാണ് പോലീസും അധ്യാപകരും ചേര്‍ന്ന് ഇവരെ നിയന്ത്രിച്ചത്.

ആന്‍സണ്‍ റോയിയുടെ ഇടപാടുകള്‍ സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ആനിക്കാട് ഭാഗത്ത് ചില സംഘത്തിനൊപ്പം ഇയാളെ കാണാറുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ആന്‍സണ്‍ റോയിയെ പ്രവേശിപ്പിച്ചിരിക്കുന്ന മൂവാറ്റുപുഴ നിര്‍മല സെന്റര്‍ വിദ്യാര്‍ഥികള്‍ രാത്രി വളഞ്ഞു. തലയ്ക്ക് പരിക്കേറ്റ ഇയാളെ വേറെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആന്‍സണ്‍ മനപ്പൂര്‍വം അപകടം ഉണ്ടാക്കിയതാണെന്നും ഇയാളെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നും പറഞ്ഞാണ് രോഷാകുലരായ വിദ്യാര്‍ഥികള്‍ തടിച്ചുകൂടിയത്. ബുധനാഴ്ച രാത്രി വൈകിയും മുന്നൂറോളം കുട്ടികള്‍ തമ്പടിച്ചിരുന്നു.

നമിതയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ മുതല്‍ ഇവിടെ കൂടിയിരിക്കുന്ന കുട്ടികളെ പിരിച്ചുവിടാന്‍ നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചില്ല. ഇതിനിടെ ആന്‍സണ്‍ കുട്ടികളോട് ദേഷ്യപ്പെട്ടത് സ്ഥിതി സങ്കീര്‍ണമാക്കി. രാത്രി വൈകിയാണെങ്കിലും ആന്‍സണെ മറ്റെവിടേക്കെങ്കിലും മാറ്റണമെന്ന നിലപാടിലായിരുന്നു പോലീസ്. ആശുപത്രി പരിസരത്ത് സംഘര്‍ഷ സാധ്യത കൂടുതലായതിനാല്‍ ദൂരെയുള്ള മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റുക എന്നതായിരുന്നു ലക്ഷ്യം.






Similar News