തൊടുപുഴ സ്വദേശി ലിബിന്റെ മരണം; ബെംഗളൂരുവില്‍ യുവാവ് അറസ്റ്റില്‍

Update: 2025-03-17 08:56 GMT

ബെംഗളൂരു: ബെംഗളൂരുവില്‍ ദുരൂഹത സാഹചര്യത്തില്‍ തൊടുപുഴ സ്വദേശിയായ ലിബിന്‍ ബേബിയുടെ മരണത്തില്‍ കൂടെ താമസിച്ചിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശിയായ എബിന്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത എബിന്റെ അറസ്റ്റാണ് ബെംഗളൂരു പോലിസ് രേഖപ്പെടുത്തിയത്. മരിച്ച ലിബിന്‍ ബേബിയുടെ സുഹൃത്താണ് എബിന്‍. എബിനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ബെന്നാര്‍ഘട്ട പോലിസ് കേസെടുത്തിരിക്കുന്നത്. എബിനെ ഇരുവരും താമസിച്ചിരുന്ന മുറിയിലെത്തിച്ച് പോലിസ് തെളിവെടുപ്പ് നടത്തും.

ലിബിന്റെ ബന്ധുക്കളടക്കം ബെംഗളൂരുവിലെത്തിയിട്ടുണ്ട്. ലിബിന്റെ മരണത്തില്‍ ബന്ധുക്കളടക്കം പോലിസില്‍ മൊഴി നല്‍കും. കഴിഞ്ഞ ശനിയാഴ്ചയാണ് ലിബിന്‍ കുളിമുറിയില്‍ വീണ് പരിക്കേറ്റെന്ന് ബന്ധുക്കള്‍ക്ക് വിവരം കിട്ടിയത്.

തിങ്കളാഴ്ച ലിബിന്റെ മസ്തിഷ്‌ക മരണം സംഭവിച്ചു. തലയിലേറ്റ മുറിവില്‍ ആശുപത്രി അധികൃതര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ബെംഗളൂരു നിംഹാന്‍സ് ആശുപത്രിയില്‍ നിന്നുളള വിവരമനുസരിച്ച് അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലിസ് കൂടെ താമസിച്ചിരുന്ന എബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൂടെ താമസിച്ചവര്‍ തമ്മിലുളള കയ്യാങ്കളിക്കൊടുവില്‍ ലിബിന് പരിക്കേറ്റെന്നാണ് ബന്ധുക്കള്‍ സംശയിക്കുന്നത്.




Similar News