വാതില്‍പ്പടി സേവനം മുഴുവന്‍ ഗ്രാമപ്പഞ്ചായത്തുകളിലേക്കും

Update: 2021-09-14 00:56 GMT

ഇടുക്കി: വിവിധ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്കായി എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശസ്വയംഭരണ വകുപ്പ് ആവിഷ്‌കരിച്ച വാതില്‍പ്പടി സേവനം ഒക്ടോബറോടെ സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമപ്പഞ്ചായത്തുകളിലും ഏര്‍പ്പെടുത്തുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എംവി ഗോവിന്ദന്‍. ഇടുക്കി പൈനാവില്‍ ജില്ലാ ആസ്ഥാനത്ത് ജില്ലാതല റിസോഴ്‌സ് സെന്ററിന്റെയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസിന്റെയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാരീരിക ബുദ്ധിമമുട്ട് അനുഭവിക്കുന്നവര്‍ ഉള്‍പ്പെടെയുള്ള എല്ലാവിഭാഗം ജനങ്ങളുടെയും സൗകര്യാര്‍ഥമാണ് വാതില്‍പ്പടി സേവനം ആവിഷ്‌കരിച്ചത്.

വിവിധ സേവനങ്ങളെ ഒരു കുടക്കീഴില്‍ ഏകീകരിക്കുകയാണ് ലക്ഷ്യം. ഇപ്പോള്‍ 213 സേവനങ്ങള്‍ 303 ഗ്രാമപ്പഞ്ചായത്തുകളില്‍ എത്തിച്ചുകഴിഞ്ഞു. പ്രാദേശിക സര്‍ക്കാരുകളെന്ന നിലയില്‍ പൊതുജനങ്ങളുമായി ഏറ്റവും അടുത്തു ബന്ധപ്പെടുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരണ സംവിധാനം അടിമുടി ആധുനികവത്കരിച്ച് സേവനങ്ങള്‍ ജനങ്ങള്‍ക്ക് കിട്ടുന്നതരത്തിലാക്കണം. വികസനത്തിനായുള്ള ശ്രമങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനൊപ്പം അധിക വിഭവസ്രോതസുകളും കണ്ടെത്തണം. അടിസ്ഥാനവിഭാഗങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വളരെ മുന്നിലാണ്.

പാവപ്പെട്ടവരുടെ ജീവിതനിലവാരം ഇനിയും മെച്ചപ്പെടുത്തുന്നതിനൊപ്പം അത് ഗുണമേന്‍മയുള്ളതാക്കാനും ശ്രമം നടത്തിവരുകയാണ്. രണ്ടാംപിണറായി സര്‍ക്കാരിന്റെ സുപ്രധാന തീരുമാനങ്ങളിലൊന്ന് സംസ്ഥാനത്തെ അതിദരിദ്രരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നതാണ്. ഇതിനായി സര്‍വെ ആരംഭിച്ചിരിക്കുകയാണ്. ഇതിലൂടെ അവരെ മുഖ്യധാരയിലേക്കു ചേര്‍ക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ തൊഴിലില്ലായ്മയ്ക്കു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ഒരു പഞ്ചായത്തിലെ ആയിരത്തില്‍ അഞ്ച് പേര്‍ക്ക് എന്ന തരത്തില്‍ തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള സംരംഭകത്വ പദ്ധതി ആസൂത്രണം ചെയ്തു വരുകയാണെന്ന് മന്ത്രി അറിയിച്ചു.

ഗ്രാമപ്പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഫലപ്രദമായ ഇടപെടല്‍ നടത്തും. 23 വര്‍ഷം പിന്നിട്ട കുടുംബശ്രീക്ക് ഇപ്പോള്‍ 44.5 ലക്ഷം അംഗങ്ങളുണ്ട്. 18 മുതല്‍ 40 വയസുവരെയുള്ള സ്ത്രീകള്‍ നേരിടുന്ന സ്ത്രീധനം ഉള്‍പ്പെടെയുള്ള പ്രശന്ങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രത്യേക പരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ ഓഫിസുകള്‍ കലക്ടറേററിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ഭരണ സംവിധാനം മെച്ചപ്പെടുകയും കേന്ദ്രികൃതമായ ഭരണരീതിയും ഉണ്ടാകുമെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

തൊടുപുഴയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ കെട്ടിടം ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ വികസനത്തിനും പദ്ധതി ആസൂത്രണത്തിലും വലിയ മുന്നേറ്റം കൊണ്ട് വരാന്‍ സാധിക്കും. സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ ഭരണക്കാലത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത പദ്ധതികളാണ് സമയബന്ധിതമായി ഈ 100 ദിന കര്‍മപദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയാക്കുന്നത്. ഓഫിസ് ഇവിടെ വരുമ്പോള്‍ ഭരണപരമായ ഇടപാടുകള്‍ക്ക് വലിയ പുരോഗതിയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ മന്ത്രി റോഷി സ്ഥാപനത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു.

Tags:    

Similar News