മണിയാറാംകുടി- കൈതപ്പാറ- ഉടുമ്പന്നൂര്‍ റോഡ്; സര്‍വേ നടപടികള്‍ക്ക് തുടക്കമായി

Update: 2021-10-11 08:55 GMT

ഇടുക്കി: അരനൂറ്റാണ്ടിലേറെ പഴക്കമുള്ള കുടിയേറ്റ പാതയായ മണിയാറാംകുടി- കൈതപ്പാറ- ഉടുമ്പന്നൂര്‍ റോഡിന്റെ സര്‍വേ നടപടികള്‍ക്ക് തുടക്കമായി. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലാണ് പ്രാരംഭ നടപടിയായ സര്‍വേയ്ക്ക് തുടക്കമായത്. പ്രധാനമന്ത്രി ഗ്രാമീണ റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ റോഡ് പണിയുന്നത്. വനം വകുപ്പിന്റെ സ്ഥലത്തില്‍ കൂടി കടന്നുപോവുന്ന ഈ പാത മണിയാറംകുടിയില്‍ നിന്നും തൊടുപുഴയ്ക്കുള്ള എളുപ്പവഴിയാണ്.

ഈ റോഡിന്റെ പണി പൂര്‍ത്തിയായാല്‍ ഇവിടുത്തെ ജനങ്ങള്‍ക്ക് വാണിജ്യജോലി ആവശ്യങ്ങള്‍ക്ക് തൊടുപുഴയ്ക്ക് പോവാന്‍ സാധിക്കും. നിലവില്‍ ജീപ്പ്, ബൈക്ക് പോലുള്ള വാഹനങ്ങള്‍ മാത്രമാണ് ഈ വഴി കടന്നുപോവുന്നത്. ജില്ലയിലെ രാഷ്ട്രീയ കക്ഷി നേതാക്കളുടെയും ജനപ്രതിനിധികളുടെയും പ്രയത്‌നത്തിനോടുവിലാണ് റോഡിന് നിര്‍മാണാനുമതി ലഭിച്ചത്.

പരിപാടിയില്‍ ഡീന്‍ കുര്യാക്കോസ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, മുന്‍ എംപി ജോയ്‌സ് ജോര്‍ജ്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ത്രിതല പഞ്ചായത്ത് അംഗങ്ങളായ കെജി സത്യന്‍, ആന്‍സി ജോസ്, സിജി ചാക്കോ രാജു കല്ലറയ്ക്കല്‍, സെലിന്‍, കക്ഷി രാഷ്ട്രീയ നേതാക്കളായ സിവി വര്‍ഗീസ്, അനില്‍ ആനിയ്ക്കാനാട്ട് തുടങ്ങി വിവിധ സാമൂഹിക രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്തു.

Tags:    

Similar News