ഇടുക്കി: ഉപ്പുതറ കെട്ടുചിറയില്‍ മീന്‍പിടിക്കുന്നതിനായി വലവീശുന്നതിനിടയില്‍ കാല്‍വഴുതി ജലാശയത്തില്‍ വീണ് കാണാതായ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മാട്ടുതാവളം ഇല്ലിക്കല്‍പറമ്പില്‍ മനു (31), മാട്ടുതാവളം കുമ്മിണിയില്‍ ജോയ്‌സ് (31) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
പെരിയാറിന്റെ കൈവഴിയായ സീതക്കയത്തുനിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ധീരേന്ദ്ര സിങ് കുശ്വഹയുടെ നേതൃത്വത്തിലുള്ള 15 പേരടങ്ങുന്ന എന്‍ഡിആര്‍എഫ് ടീം, ഫയര്‍ ഫോഴ്‌സ്, റാപ്പിഡ് റസ്‌ക്യൂ ഫോഴ്‌സും (സ്‌കൂബ ടീം), ഈരാറ്റുപേട്ടയുടെ 'നന്‍മക്കൂട്ടം', നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്നാണ് കഴിഞ്ഞ മൂന്നുദിവസങ്ങളിലായി തിരച്ചില്‍ നടത്തിയത്. ഇക്കഴിഞ്ഞ 15ന് വൈകീട്ട് 5.30 ഓടെയാണ് കെട്ടുചിറയ്ക്കു താഴെ സീതക്കയത്തില്‍ മീന്‍പിടിക്കുന്നതിനിടെ ഇരുവരും അപകടത്തില്‍പ്പെടുന്നത്. വലവീശി മീന്‍പിടിക്കുന്നതിനിടെ കാല്‍ വഴുതി ഒഴുക്കില്‍പ്പെട്ട ജോയ്‌സിനെ രക്ഷപ്പെടുത്താന്‍ മനുവും വെള്ളത്തിലേക്ക് ചാടി.
നല്ല ആഴമുണ്ടായിരുന്നതിനാല്‍ ഇരുവരും മുങ്ങിത്താഴുകയായിരുന്നു. ഇരുവര്‍ക്കും ഒപ്പമുണ്ടായിരുന്ന മാണിക്കകത്ത് രതീഷാണ് വിവരം നാട്ടുകാരെ അറിയിച്ചത്. വാഹനമെത്താത്ത പ്രദേശമായതിനാല്‍ പോലിസിനും ഫയര്‍ഫോഴ്‌സിനും വനപാലകര്‍ക്കും രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടേണ്ടിവന്നു.