വണ്ടിപ്പെരിയാര്‍ കേസില്‍ സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

Update: 2024-01-04 15:54 GMT
കൊച്ചി: വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി വെറുതേവിട്ട സംഭവത്തില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ ഫയലില്‍ സ്വീകരിച്ചത്. വിചാരണക്കോടതി കുറ്റമുക്തനാക്കിയ പ്രതിയായിരുന്ന അര്‍ജുന് ഹൈക്കോടതി നോട്ടീസ് അയക്കുകയും ചെയ്തു. കട്ടപ്പന അതിവേഗ സ്പെഷ്യല്‍ കോടതിയാണ് പ്രതിയെ വിട്ടയച്ചത്. നിയമോപദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. പ്രതിയെ വിട്ടയച്ചതിനെത്തുടര്‍ന്ന് പ്രോസിക്യൂഷനും സര്‍ക്കാരിനുംനേരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. കേസില്‍ പുനരന്വേഷണം വേണമെന്നും വിധി റദ്ദുചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമ്പോള്‍ വിശ്വാസമുള്ള അഭിഭാഷകനെ നിയോഗിക്കണമെന്നും കേസില്‍ പ്രോസിക്യൂഷനും പോലിസിനും സംഭവിച്ച വീഴ്ചകള്‍ അന്വേഷിക്കണമെന്നും ഇവര്‍ ആവശ്യമുന്നയിച്ചിരുന്നു.

പ്രധാനപ്പെട്ട എട്ടു സാക്ഷികളുടെ മൊഴികള്‍ കട്ടപ്പനയിലെ കോടതി പരിഗണിച്ചില്ലെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. പ്രതിയെ വെറുതേവിട്ട വിധിന്യായത്തില്‍ നിരവധി പാകപ്പിഴകളുണ്ടെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2021 ജൂണ്‍ 30-ന് ഉച്ചകഴിഞ്ഞാണ് കുറ്റകൃത്യം നടന്നത്. കുഞ്ഞിനെ വിളിച്ചിട്ട് വിളികേള്‍ക്കാത്തതിനാല്‍ ബന്ധുക്കളും അയല്‍ക്കാരും വാതിലിന്റെ ഉള്ളിലെ കൊളുത്ത് കത്തികൊണ്ട് പൊളിച്ചാണ് അകത്തുകയറിയത്. ഷാളില്‍ തൂങ്ങിനില്‍ക്കുന്ന കുഞ്ഞിനെയാണ് അവര്‍ കണ്ടത്. പിന്നെ കുട്ടിയെ എടുത്ത് ആശുപത്രിയിലേക്ക് ഓടുകയായിരുന്നു. പ്രതിയെന്ന് ആരോപിക്കപ്പെട്ടയാളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കുഞ്ഞ് മരിച്ചതായി ആശുപത്രി സ്ഥിരീകരിച്ചശേഷം കുറച്ചുകഴിഞ്ഞ് പ്രതി ലയത്തിലെത്തി. കുട്ടിയെ പുറത്തെത്തിക്കുന്നതിനായി തുറന്നിട്ട വാതിലിലൂടെ സൂത്രത്തില്‍ പൂജാമുറിയില്‍ കയറിയ ഇയാള്‍ ജനാല അകത്തുനിന്ന് കുറ്റിയിടുകയായിരുന്നുവെന്നായിരുന്നു പ്രോസിക്യൂഷന്‍ നിഗമനം. പിറ്റേന്ന് പോലീസ് മഹസര്‍ തയ്യാറാക്കുമ്പോള്‍ ജനാല കുറ്റിയിട്ടനിലയിലായിരുന്നു.

എന്നാല്‍, വൈകീട്ട് ജനാല അല്പം തുറന്നുകിടക്കുന്നത് കണ്ടുവെന്ന് ഒരു അയല്‍ക്കാരന്‍ പോലിസിന് മൊഴിനല്‍കിയിട്ടുണ്ട്. ഇതിനുശേഷമാകണം പ്രതി ജനാലയുടെ കുറ്റിയിട്ടത്. പ്രോസിക്യൂഷന്റെ ഈ വാദം കോടതി അംഗീകരിച്ചില്ല. പ്രതി ജനാലയില്‍ക്കൂടിയാണ് ചാടിയതെന്ന കുറ്റസമ്മതമൊഴിയെ സാധൂകരിക്കാന്‍ പിന്നീട് ഒരു സാക്ഷിമൊഴിയുണ്ടാക്കുകയായിരുന്നോ എന്ന സംശയമാണ് കോടതി ഉന്നയിച്ചത്. മാത്രമല്ല, അന്വേഷണോദ്യോഗസ്ഥന്റെ വിശ്വാസ്യതയ്ക്ക് കോട്ടംതട്ടിയെന്ന് വിലയിരുത്തുകയും ചെയ്തു. കൂടാതെ പുറത്തുനിന്ന് നോക്കിയാല്‍ ജനാല അഞ്ചരയടി ഉയരത്തിലാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍, അഴിയില്ലാത്ത ജനാലയുടെ പടിയിലിരുന്ന് പുറത്തേക്കുചാടിയ രീതി പ്രതി തെളിവെടുപ്പുസമയത്ത് പോലിസിന് കാട്ടിക്കൊടുത്തിരുന്നു. എസ്റ്റേറ്റിലുള്ളവര്‍ തെളിവെടുപ്പിന് സാക്ഷിയായിരുന്നു.


Similar News