തൊടുപുഴയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായത് അമ്മയുടെയും മുത്തശ്ശിയുടെയും അറിവോടെ; കേസെടുക്കണമെന്ന് സിഡബ്ല്യുസി
ഇടുക്കി: തൊടുപുഴയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ അമ്മയ്ക്കും മുത്തശ്ശിയ്ക്കും പങ്കുണ്ടെന്ന് വിവരങ്ങള്‍ പുറത്തുവരുന്നു. ഇവരെയും കേസില്‍ പ്രതി ചേര്‍ക്കണമെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കുട്ടിയുടെ മുത്തശ്ശിയുടെയും അമ്മയുടെയും ഒത്താശയോടെയായിരുന്നു പീഡനമെന്നും ഇവര്‍ക്കെതിരേ കേസെടുക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കുമെന്നും സിഡബ്ല്യുസി ചെയര്‍മാന്‍ ജോസഫ് അഗസ്റ്റിന്‍ വ്യക്തമാക്കി. പെണ്‍കുട്ടിയുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മുതലെടുത്തായിരുന്നു പീഡനം.
ഇടനിലക്കാരനടക്കമുളള ആറ് പ്രതികള്‍ റിമാന്റിലാണ്. 17കാരിയായ പെണ്‍കുട്ടിയെ ജോലി നല്‍കാമെന്നു വിശ്വസിപ്പിച്ച് വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ മറ്റു പ്രതികള്‍ക്ക് കൈമാറിയ ഇടനിലക്കാരന്‍ കുമാരമംഗലം മംഗലത്ത് ബേബി എന്ന് വിളിക്കുന്ന രഘു (51), വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ കോടിക്കുളം പാറപ്പുഴ പിണക്കാട്ട് തോമസ് ചാക്കോ (27), തൊടുപുഴ ടൗണില്‍ ലോട്ടറി വ്യാപാരിയായ ഇടവെട്ടി വലിയജാരം ഭാഗത്ത് പോക്കളത്ത് ബിനു (43), വാഴക്കുളത്ത് കെഎസ്ഇബി ജീവനക്കാരനായ കല്ലൂര്‍ക്കാട് വെള്ളാരംകല്ല് വാളന്പിള്ളില്‍ സജീവ് (55), കോട്ടയം രാമപുരം കുറിഞ്ഞി മണിയാടുംപാറ കൊട്ടൂര്‍ തങ്കച്ചന്‍ (56), മലപ്പുറം പെരിന്തല്‍മണ്ണ ചേതന റോഡില്‍ കെഎസ്ആര്‍ടിസിയ്ക്കു സമീപം മാളിയേക്കല്‍ ജോണ്‍സണ്‍ (50) എന്നിവരെയാണ് കേസുമായി പോലിസ് അറസ്റ്റ് ചെയ്തത്.
ഏതാനുംപേര്‍ കൂടി കേസിലുള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലിസ് പറഞ്ഞു. നിര്‍ധനകുടുംബത്തിലെ അംഗമായ പെണ്‍കുട്ടിയുടെ അവസ്ഥ മുതലെടുത്ത് വസ്തുബ്രോക്കറായ ബേബി ജോലി വാങ്ങിനല്‍കാമെന്ന് വാഗ്ദാനം നല്‍കി. ഇതിനായി ബേബി പരിചയപ്പെടുത്തിയ തങ്കച്ചനാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. ഇതിനുശേഷം ഒരുവര്‍ഷത്തോളമായി കുട്ടിയെ തൊടുപുഴയിലും സമീപപ്രദേശങ്ങളിലേയും വിവിധ സ്ഥലങ്ങളിലെത്തിച്ചും വാഹനങ്ങളില്‍ കയറ്റി ദൂരസ്ഥലങ്ങളില്‍ കൊണ്ടുപോയും മറ്റുള്ളവര്‍ ലൈംഗിക ചൂഷണം നടത്തുകയായിരുന്നു. ബേബിയുടെ പരിചയക്കാരാണ് മറ്റു പ്രതികള്‍. ഇവരില്‍നിന്ന് ബേബി വന്‍തുക വാങ്ങിയ ശേഷമാണ് കുട്ടിയെ കൈമാറിയത്.
വസ്തു ബ്രോക്കറാണെങ്കിലും ഇയാള്‍ക്കു പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞ ദിവസം കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സ തേടിയപ്പോഴാണ് അഞ്ചുമാസം ഗര്‍ഭിണിയാണെന്ന വിവരമറിഞ്ഞത്. ഇവിടെ ചീട്ടെടുക്കുന്നതിനായി 19 വയസെന്ന് പറഞ്ഞെങ്കിലും ജനന തിയ്യതി പ്രകാരം 17 വയസാണുള്ളതെന്നു ജീവനക്കാര്‍ക്കു വ്യക്തമായി. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്കു വിവരം കൈമാറി.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ പ്രായം ഉള്‍പ്പെടെയുള്ള കാര്യവും കുട്ടി ലൈംഗിക ചൂഷണത്തിനിരയായതായും വ്യക്തമായി. ഇവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് തൊടുപുഴ ഡിവൈഎസ്പി സി ജി ജിംപോള്‍, സിഐ വി സി വിഷ്ണുകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 2019 ല്‍ കുട്ടിയെ ബാലവേലയക്ക് വിട്ടെന്ന് അമ്മയ്‌ക്കെതിരേ പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍, കുട്ടി നിഷേധിച്ചതോടെ കേസുണ്ടായില്ല.