ഇടുക്കി: തൊടുപുഴയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇരയുടെ അമ്മ അറസ്റ്റിലായി. ചികില്‍സയിരിക്കെ ആശുപത്രിയില്‍ വച്ചാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പീഡനം അമ്മയുടെ അറിവോടെയാണെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റുണ്ടായത്. മുത്തശ്ശിക്കും പങ്കുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് അവര്‍ക്കെതിരേയും കേസെടുത്തേക്കുമെന്നാണ് വിവരം. സംഭവത്തില്‍ അമ്മയ്ക്കും മുത്തശ്ശിക്കുമെതിരേ തിടുക്കപ്പെട്ട് കേസെടുക്കില്ലെന്നാണ് നേരത്തെ പോലിസ് പറഞ്ഞത്.
തൊടുപുഴ സ്വദേശിയായ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത് അമ്മയുടെയും മുത്തശ്ശിയുടെയും ഒത്താശയോടെയെന്നായിരുന്നു ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ കണ്ടെത്തല്‍. ഇരുവര്‍ക്കുമെതിരേ കേസെടുക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കുകയും ചെയ്തു. പെണ്‍കുട്ടിയില്‍ നിന്ന് വീണ്ടും മൊഴിയെടുക്കും. കേസിലെ മുഖ്യപ്രതിയും ഇടനിലക്കാരനുമായ ബേബിയെ വീണ്ടും ചോദ്യം ചെയ്യും. പെണ്‍കുട്ടിയെ വിട്ടുകൊടുത്തതിന് അമ്മ പണം കൈപ്പറ്റിയെന്നും ആരോപണമുണ്ട്. ഇതിന് വ്യക്തമായ ഉത്തരം നല്‍കാനാവുക ബേബിക്കെന്നാണ് പോലിസ് പറയുന്നത്.
റിമാന്‍ഡില്‍ കഴിയുന്ന ഇയാളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷ ഉടന്‍ നല്‍കും. സെക്‌സ് റാക്കറ്റിന്റെ കണ്ണിയാണ് ബേബിയെന്ന വിവരവും പോലിസിന് കിട്ടിയിട്ടുണ്ട്. ഒന്നര വര്‍ഷത്തിനിടെ പതിനഞ്ചിലധികം പേര്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഇതില്‍ ആറുപേരെ പിടികൂടി. ബാക്കിയുള്ളവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. ആശുപത്രി അധികൃതരുടെ പരാതിയെത്തുടര്‍ന്നാണ് പോലിസ് കേസെടുക്കുന്നതും പ്രതികളെ അറസ്റ്റ് ചെയ്യുന്നതും.