കൊല്‍ക്കത്ത ബലാല്‍സംഗക്കൊല; പ്രതിഷേധിച്ച വിദ്യാര്‍ഥകള്‍ക്ക് നേരെ വാഹനം ഇടിച്ചു കയറ്റിയയാള്‍ അറസ്റ്റില്‍

Update: 2024-08-31 10:53 GMT

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ ആശുപത്രിയിലെ യുവ ഡോക്ടറുടെ ബലാല്‍സംഗക്കൊലയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് നേരെ വാഹനം കയറ്റിയ സിവിക് വോളന്റിയര്‍ അറസ്റ്റില്‍. കൊല്‍ക്കത്ത പോലിസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സിവിക് വോന്റന്റിയര്‍ ഗംഗാസാഗര്‍ ഗോള്‍ഡ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം. തങ്ങളിലൊരാളെ ഇടിച്ചെന്ന് ആരോപിച്ച് ഗംഗാസാഗറിനെ വളഞ്ഞ പ്രതിഷേധക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട ട്രാഫിക് ഉദ്യോഗസ്ഥന്‍ തരകേശ്വര്‍ പുരിക്കെതിരെയുള്ള പരാതിയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊല്‍ക്കത്തയിലെ ബിടി റോഡില്‍ പ്രതിഷേധിച്ചുകൊണ്ടിരുന്ന രബീന്ദ്ര ഭാരതി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് മദ്യപിച്ച് ഗംഗാസാഗര്‍ വാഹനം ഇടിച്ചു കയറ്റിയത്. സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ പ്രതിഷേധക്കാര്‍ വരികയും ഗംഗാസാഗറിനെ വളയുകയുമായിരുന്നു. വാഹനം ഇടിച്ചുകയറ്റുന്നതിന്റെയും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നതിന്റെയും വിഡിയോ പുറത്തുവന്നിട്ടുണ്ട്.

    ഗംഗാസാഗര്‍ ആദ്യം പ്രതിഷേധക്കാരോട് കയര്‍ത്ത് സംസാരിച്ചെങ്കിലും പിന്നീട് മാപ്പ് പറയുന്നതും വിഡിയോയില്‍ കാണാം. പക്ഷേ പ്രതിഷേധക്കാര്‍ അദ്ദേഹത്തെ വിടാന്‍ കൂട്ടാക്കിയില്ല. തങ്ങള്‍ കുറേകാലമായി മാപ്പ് നല്‍കുകയാണെന്നും അതാണ് ഇപ്പോഴത്തെ അവസ്ഥയുടെ കാരണമെന്നും വിളിച്ച് പറയുന്നൊരാളെ വിഡിയോയില്‍ കാണാം. തുടര്‍ന്ന് പ്രതിഷേധക്കാരില്‍ നിന്നു ഗംഗാസാഗറിനെ മാറ്റി നിര്‍ത്താന്‍ ട്രാഫിക് ഉദ്യോഗസ്ഥന്‍ ശ്രമിച്ചതോടെ വാക്ക് തര്‍ക്കമുണ്ടാകുകയായിരുന്നു. സംഭവത്തില്‍ ഇന്ന് രാവിലെ വിദ്യാര്‍ത്ഥികള്‍ ബിടി റോഡ് ഉപരോധിച്ചു. ഗംഗാസാഗറിന്റെ അറസ്റ്റിന് ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ആഗസ്ത് ഒമ്പതിന് ചെസ്റ്റ് മെഡിസിന്‍ വിഭാഗത്തിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. വസ്ത്രങ്ങള്‍ മാറ്റിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്. പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ രക്തസ്രാവവും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ മുറിവുകളും ഉണ്ടെന്ന് നാല് പേജുള്ള പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പ്രതിഷേധം സംഘടിപ്പിച്ചു. സുപ്രിം കോടതിയുടെ ഉറപ്പും നിര്‍ദേശവും ലഭിച്ചതിന് പിന്നാലെ രാജ്യത്തെ മറ്റ് സ്ഥലങ്ങളിലെ ഡോക്ടര്‍മാര്‍ പ്രതിഷേധം അവസാനിപ്പിച്ച് ജോലിക്ക് പ്രവേശിച്ചിരുന്നു. എന്നാല്‍ കൊല്‍ക്കത്തയില്‍ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.

Tags:    

Similar News