അല്‍സിസിക്കെതിരേ പ്രതിഷേധം ശക്തം; ഈജിപ്തില്‍ 1,100ല്‍ അധികം പേര്‍ അറസ്റ്റില്‍

വിവിധ നഗരങ്ങളില്‍ നടന്ന വന്‍ പ്രതിഷേധങ്ങള്‍ക്കു പിന്നാലെ ഉന്നത വ്യക്തികള്‍ ഉള്‍പ്പെടെ 1,100ല്‍ അധികം പേരെ ഈജിപ്ഷ്യന്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തു.

Update: 2019-09-25 16:20 GMT

കെയ്‌റോ: പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയുടെ രാജിയാവശ്യപ്പെട്ട് ഈജിപ്ഷ്യന്‍ നഗരങ്ങളില്‍ പ്രതിഷേധം ശക്തമാവുന്നു. വിവിധ നഗരങ്ങളില്‍ നടന്ന വന്‍ പ്രതിഷേധങ്ങള്‍ക്കു പിന്നാലെ ഉന്നത വ്യക്തികള്‍ ഉള്‍പ്പെടെ 1,100ല്‍ അധികം പേരെ ഈജിപ്ഷ്യന്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തു.

ഈജിപ്തിലെ പ്രമുഖ പ്രതിപക്ഷ നേതാക്കള്‍, കഴിഞ്ഞ വര്‍ഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയുടെ മുന്‍ വക്താവ്, പ്രമുഖ എഴുത്തുകാര്‍ തുടങ്ങിയവര്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ തടവിലാക്കപ്പെട്ടവരില്‍ ഉള്‍പ്പെടുമെന്ന് മനുഷ്യാവകാശ നിരീക്ഷകര്‍ അറിയിച്ചു.

സര്‍ക്കാരിന്റെ അഴിമതിക്കെതിരായ പ്രതിഷേധ ആഹ്വാനം ഏറ്റെടുത്ത് അധികൃതരുടെ വിലക്ക് ലംഘിച്ച് തലസ്ഥാനമായ കെയ്‌റോ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നൂറുകണക്കിനു പേരാണ് തെരുവിലിറങ്ങിയത്. ചെങ്കടല്‍ നഗരമായ സൂയസിലും വന്‍ പ്രതിഷേധമാണ് ദൃശ്യമായത്.




Tags:    

Similar News