സുഡാനില്‍ ജനാധിപത്യ പ്രക്ഷോഭകര്‍ക്കുനേരെ അടിച്ചമര്‍ത്തല്‍ കടുപ്പിച്ച് സൈന്യം; അഞ്ചു മരണം (ചിത്രങ്ങളിലൂടെ)

വെടിയേറ്റ് നാലും പേരും കണ്ണീര്‍ വാതക പ്രയോഗത്തിലൂടെ ഒരാളും തലസ്ഥാനമായ ഖാര്‍തൂമിലും ഇരട്ട നഗരമായ ഉമ്മുദര്‍മാനിലും കൊല്ലപ്പെട്ടതായി സുഡാന്‍ ഡോക്ടര്‍മാരുടെ കേന്ദ്ര കമ്മിറ്റി ശനിയാഴ്ച പറഞ്ഞു.

Update: 2021-11-14 11:19 GMT

ഖാര്‍തൂം: രാജ്യത്ത് സൈന്യം പിടിമുറുക്കുന്നതിനെ അപലപിച്ച് തെരുവിലിറങ്ങിയ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുഡാനീസ് സുരക്ഷാ സേന നടത്തിയ വെടിവയ്പിലും കണ്ണീര്‍വാതക പ്രയോഗത്തിലുമായി അഞ്ചു പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.


വെടിയേറ്റ് നാലും പേരും കണ്ണീര്‍ വാതക പ്രയോഗത്തിലൂടെ ഒരാളും തലസ്ഥാനമായ ഖാര്‍തൂമിലും ഇരട്ട നഗരമായ ഉമ്മുദര്‍മാനിലും കൊല്ലപ്പെട്ടതായി സുഡാന്‍ ഡോക്ടര്‍മാരുടെ കേന്ദ്ര കമ്മിറ്റി ശനിയാഴ്ച പറഞ്ഞു.


വെടിയുതിര്‍ക്കുന്നത് ഉള്‍പ്പെടെ ശക്തമായ അടിച്ചമര്‍ത്തലാണ് സൈനിക അട്ടിമറിക്കെതിരെ പ്രതിഷേധിക്കുന്ന സമരക്കാര്‍ നേരിടുന്നത്. പലര്‍ക്കും പരുക്ക് പറ്റിയതായും മെഡിക്കല്‍ യൂണിയന്‍ കൂട്ടിച്ചേര്‍ത്തു.


വെടിയേറ്റ് കൊല്ലപ്പെട്ടവരില്‍ 18ഉം 35ഉം വയസ്സും പ്രായമുള്ളവര്‍ ഉള്‍പ്പെടുന്നു. സുരക്ഷാ സൈന്യം ഉമ്മുദര്‍മാനിലെ ആശുപത്രിയില്‍ അതിക്രമിച്ച് കയറുകയും പരിക്ക് പറ്റിയ പലരെയും അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

കഴിഞ്ഞ മാസം സൈന്യം ഭരണം പിടിച്ചെടുത്തതിനെതിരേ ആയിരക്കണക്കിന് ജനാധിപത്യ അനുകൂല പ്രതിഷേധക്കാര്‍ വീണ്ടും സുഡാനിലുടനീളം തെരുവിലിറങ്ങിയതോടെയാണ് അക്രമം നടന്നത്.


സൈനിക അട്ടിമറി അന്താരാഷ്ട്ര വിമര്‍ശനങ്ങള്‍ക്കു കാരണമാവുകയും തലസ്ഥാനമായ ഖാര്‍ത്തൂമിലുള്‍പ്പെടെ വന്‍ പ്രതിഷേധങ്ങള്‍ക്കു വഴി വയ്ക്കുകയും ചെയ്തിരുന്നു.


അതേസമയം, പ്രതിഷേധക്കാര്‍ക്കു നേരെ വെടിവയ്പ് നടന്നെന്ന റിപോര്‍ട്ടുകള്‍ സുഡാനീസ് പോലിസ് നിഷേധിച്ചു. പ്രക്ഷോഭകര്‍ ഖാര്‍തൂമിലെ നിരവധി പോലിസ് സ്‌റ്റേഷനുകളും വാഹനങ്ങളും ആക്രമിക്കുകയും 39 പോലിസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു.


അട്ടിമറി നേതാവ് ജനറല്‍ അബ്ദുല്‍ഫത്താഹ് അല്‍ബുര്‍ഹാന്‍ സുഡാനിലെ ഇടക്കാല ഭരണസമിതിയുടെ തലവനായി സ്വയം വീണ്ടും അവരോധിതനായി രണ്ടു ദിവസത്തിനു ശേഷമാണ് രാജ്യത്ത് ജനാധിപത്യ അനുകൂല പ്രസ്ഥാനം ആഹ്വാനം ചെയ്ത റാലികള്‍ നടന്നത്. വ്യാഴാഴ്ചത്തെ നീക്കം ജനാധിപത്യ അനുകൂല സഖ്യത്തെ ചൊടിപ്പിക്കുകയായിരുന്നു.


ഒക്‌ടോബര്‍ 25 ന് സുഡാനീസ് സൈന്യം അധികാരം പിടിച്ചെടുത്തത്. തുടര്‍ന്ന് പരിവര്‍ത്തന ഗവണ്‍മെന്റിനെ പിരിച്ചുവിടുകയും ഡസന്‍ കണക്കിന് ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

Tags:    

Similar News