സമുദായത്തെ തകര്‍ക്കാനുള്ള ശ്രമത്തെ ഇല്ലാതാക്കുന്നവരാണ് മുദരിസുമാര്‍: അശ്‌റഫ് ബാഖവി
കണ്ണൂര്‍: സമൂഹത്തിലും സമുദായത്തിലും പല വിവാദങ്ങളും കൊടുമ്പിരി കൊള്ളുമ്പോഴും ബാഹ്യമായി അവയിലൊന്നും ഇടപെടാതെ വിശ്വാസികള്‍ക്ക് മുന്നോട്ടുഗമിക്കാനുള്ള ആന്തരികോര്‍ജം പ്രധാനം ചെയ്യുകയെന്ന വലിയ ദൗത്യം ഏറ്റെടുത്ത് സേവനം ചെയ്യുന്നവരാണ് മുദരിസുമാരെന്ന് സുന്നീ യുവജന ഫെഡറേഷന്‍ സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി അശ്‌റഫ് ബാഖവി. അതുകൊണ്ടുതന്നെ സമുദായം ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് അവരോടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദാറുസ്സുന്ന രജതജൂബിലിയുടെ ഭാഗമായി 25 വര്‍ഷം ദര്‍സ് നടത്തിയ മുദരിസുമാരെ ആദരിക്കുന്നതിനായി കണ്ണൂര്‍ ഹസനിയ്യ: ശരീഅത്ത് കോളജില്‍ നടത്തിയ 'തക് രീം' പരിപാടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് തുടങ്ങിയ വിവാദങ്ങളിലൂടെയെല്ലാം സമുദായത്തെ സംശയനിഴലിലാക്കുകയും വിശ്വാസികളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയുമാണു തത്പരകക്ഷികളുടെ ഉദ്ദേശം. എന്നാല്‍, ഈ ഉദ്ദേശങ്ങളൊന്നും വിശ്വാസികളെ തളര്‍ത്താതെ അവര്‍ക്ക് സധൈര്യം മുന്നോട്ടു പോവാന്‍ പ്രചോദനവും ഊര്‍ജവും നല്‍കിക്കൊണ്ടും സ്രഷ്ടാവില്‍നിന്നും തിരു പ്രവാചകരില്‍നിന്നും കൈവന്ന അറിവിന്റെ പ്രകാശസ്രോതസ്സുകളായി നിലകൊണ്ടും സേവനം ചെയ്യുന്ന മുദരിസുമാരെത്തന്നെയാണ് സമുദായം ആദരിക്കേണ്ടത്- അശ്‌റഫ് ബാഖവി കൂട്ടിച്ചേര്‍ത്തു.
സുന്നീ യുവജന ഫെഡറേഷന്‍ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ബഷീര്‍ ഫൈസി ചെറുകുന്ന് അധ്യക്ഷ്യത വഹിച്ചു. മുഹമ്മദ് കുഞ്ഞി ബാഖവി കീച്ചേരി, ഡോ:മുഹമ്മദ് നൂറാനി മൗലവി, അബ്ദുല്ലാഹി സഅ്ദി നൂഞ്ഞേരി, അബ്ദുസലാം മൗലവി മുഴക്കുന്ന് എന്നീ പണ്ഡിതന്‍മാരെ ആദരിച്ചു. സിദ്അ ഹാമിദ് കോയമ്മ തങ്ങള്‍ രാമന്തളി അനുമോദനം നടത്തി. അശ്‌റഫ് ദാറാനി മമ്പറം, മര്‍സദ് ദാറാനി, നജീബ് വഹബി, സിദ്ദീഖ് മുസ്ലിയാര്‍, സലിം വഹബി എന്നിവര്‍ സംസാരിച്ചു.