കണ്ണൂര്‍ ടൗണിലേക്കുള്ള വലിയ വാഹനങ്ങളുടെ പ്രവേശനത്തിന് നാളെ മുതല്‍ നിയന്ത്രണം

Update: 2021-11-25 16:02 GMT

കണ്ണൂര്‍: കണ്ണൂര്‍ താഴെ ചൊവ്വ മുതല്‍ വളപട്ടണം പാലം വരെയുള്ള റോഡില്‍ തിരക്കേറിയ സമയങ്ങളില്‍ വലിയ ഗതാഗതക്കുരുക്ക് രൂക്ഷമാവുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ടൗണിലേക്കുള്ള വലിയ വാഹനങ്ങളുടെ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. കണ്ണൂര്‍ ജില്ലാ കലക്ടര്‍, കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍, കണ്ണൂര്‍ എംപി, കണ്ണൂര്‍ എംഎല്‍എ, കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കണ്ണൂര്‍ ആര്‍ടിഒ, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കണ്ണൂര്‍, നാര്‍കോടിക് എസിപി കണ്ണൂര്‍ സിറ്റി, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ റോഡ്, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ നാഷനല്‍ ഹൈവേ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ കേരളാ റോഡ് സേഫ്റ്റി അതോറിറ്റിയുടെ ഉന്നതതല യോഗത്തിലെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലിസ് കണ്ണൂര്‍ ടൗണിലേക്കുള്ള വലിയ വാഹനങ്ങളുടെ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

നാളെ മുതല്‍ വലിയ വാഹനങ്ങള്‍ക്ക് കണ്ണൂര്‍ ടൗണിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പോലിസ് അറിയിച്ചു. റോഡില്‍ ഗതാഗതക്കുരുക്ക് കൂടുതല്‍ അനുഭവപ്പെടുന്ന സമയമായ രാവിലെ 8 മണി മുതല്‍ 10 മണി വരെയും വൈകുന്നേരം 4 മണി മുതല്‍ 6 മണി വരെയുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. മള്‍ട്ടി ആക്‌സില്‍ ലോറികള്‍, ടിപ്പറുകള്‍, ഗ്യാസ് ടാങ്കറുകള്‍, ചരക്ക് ലോറികള്‍ തുടങ്ങിയ വലിയ വാഹനങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. ഈ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനായി കണ്ണപുരം, വളപട്ടണം, പിണറായി, എടക്കാട് പോലിസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്ക് കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ നിര്‍ദേശങ്ങള്‍ നല്‍കി.

പഴയങ്ങാടി ഭാഗത്തുനിന്നും വരുന്ന മേല്‍പറഞ്ഞ വാഹനങ്ങള്‍ കണ്ണപുരം പോലിസ് സ്റ്റേഷന്‍ പരിധിയിലെ താവത്തില്‍ നിയന്ത്രിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടപ്പാക്കും. വളപട്ടണത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള വീതിയുള്ള റോഡായതിനാല്‍ അത്തരം വാഹനങ്ങള്‍ അവിടെ പാര്‍ക്ക് ചെയ്യുകയും കൂത്തുപറമ്പ- മമ്പറം വഴി വരുന്ന വലിയ വാഹനങ്ങള്‍ക്ക് മാമ്പറത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പിണറായി പോലിസ് സ്റ്റേഷന്‍ എസ്എച്ച്ഒവിനും, തലശ്ശേരി ഭാഗത്തുനിന്നും വരുന്ന വലിയ വാഹനങ്ങള്‍ക്ക് മുഴപ്പിലങ്ങാട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് എടക്കാട് എസ്എച്ച്ഒവിനും സിറ്റി പോലിസ് കമ്മീഷണര്‍ നിര്‍ദേശങ്ങള്‍ നല്‍കി.

നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വാഹന ഉടമകള്‍ക്കെതിരെയും അനുവദനീയമായ വാഹന പാര്‍ക്കിങ് സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യാതെ തിരക്കേറിയ വഴിയോരങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ ഉടമകള്‍ക്കെതിരെയും കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചു.

Tags:    

Similar News