കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി സിപിഎമ്മിലെ അഡ്വ. ബിനോയ് കുര്യന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലാ പഞ്ചായത്ത് മീറ്റിങ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാവിലെ 11ന് തുടങ്ങിയ വോട്ടെടുപ്പില്‍ യുഡിഎഫ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി എസ് കെ ആബിദയെ ഏഴിനെതിരെ 16 വോട്ടുകള്‍ക്കാണ് ബിനോയ് കുര്യന്‍ പരാജയപ്പെടുത്തിയത്. ക്വാറന്റൈനിലായതിനെ തുടര്‍ന്ന് കടന്നപ്പള്ളി ഡിവിഷനിലെ എല്‍ഡിഎഫ് അംഗം ടി തമ്പാന്‍ മാഷിന് വോട്ട് രേഖപ്പെടുത്താന്‍ സാധിച്ചില്ല. ബാക്കി 23 അംഗങ്ങളാണ് വോട്ട് ചെയ്തത്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍ ചട്ടങ്ങള്‍ വിശദീകരിച്ചു.
യുഡിഎഫ് സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് തില്ലങ്കേരി ഡിവിഷനിലെ തിരഞ്ഞെടുപ്പ് നീട്ടിയതിനാല്‍ ഇ വിജയന്‍ മാസ്റ്ററെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് താല്‍ക്കാലികമായി തിരഞ്ഞെടുത്തിരുന്നു. ജനുവരി 21ന് തില്ലങ്കേരിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിനോയ് കുര്യന്‍ വിജയിച്ചതോടെ വിജയന്‍ മാസ്റ്റര്‍ വൈസ് പ്രസിഡണ്ട് സ്ഥാനം രാജിവയ്ക്കുകയായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങള്‍, ജില്ലാപഞ്ചായത്തംഗങ്ങള്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പങ്കെടുത്തു.
Adv. Binoy Kurian elected as Kannur District Panchayat Vice President