കണ്ണൂര്‍: യൂ ട്യൂബ് പഠനം വഴി നൂതന രീതിയില്‍ താക്കോലില്ലാതെ ബൈക്ക് മോഷണം നടത്തുന്ന പ്രഫഷനല്‍ മോഷ്ടാവും കൂട്ടാളിയും പിടിയിലായി. തോട്ടട സമാജ് വാദി കോളനിയിലെ മുബാറക് മന്‍സിലില്‍ മുഹമ്മദ് താഹ (20), കൂട്ടാളി സമാജ് വാദി കോളനിയിലെ സൂര്യന്‍ ഷണ്‍മുഖന്‍ (25) എന്നിവരെയാണ് ടൗണ്‍ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം പിടികൂടിയത്. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട മുഹമ്മദ് താഹയെ പ്രിന്‍സിപ്പല്‍ എസ്‌ഐ ടി കെ അഖില്‍, എസ്‌ഐമാരായ നസീബ്, ഇബ്രാഹിം, രാജീവന്‍, ഉണ്ണികൃഷ്ണന്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ സി നോബ്, സന്തോഷ് എന്നിവരടങ്ങിയ സംഘം ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് മോഷണത്തിന്റെ ചുരുളഴിഞ്ഞത്.
രണ്ടുമാസം മുമ്പ് സിറ്റി സെന്ററിലെ പാര്‍ക്കിങ് സ്ഥലത്തുനിന്നും മോഷണം പോയ ഡിയോ സ്‌കൂട്ടര്‍ മോഷ്ടിച്ച പ്രതിയാണിതെന്ന് തെളിഞ്ഞത്. ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മോഷണപരമ്പരയിലെ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. ബംഗളൂരുവില്‍ പോയി തിരിച്ചുവരുന്ന സമയത്ത് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിക്ക് മുന്‍വശം പാര്‍ക്ക് ചെയ്ത ഒന്നേമുക്കാല്‍ ലക്ഷത്തിന്റെ യമഹ ബൈക്ക് മോഷ്ടിച്ച ശേഷം കണ്ണൂര്‍ ചാലയിലെ ജിംകെയര്‍ ആശുപത്രിക്ക് സമീപം ഉപേക്ഷിച്ച് കടന്നുകളഞ്ഞ കാര്യവും തുറന്നുപറഞ്ഞു.
ഉടമയുടെ പരാതിയില്‍ ബൈക്ക് മോഷണത്തിന് കോഴിക്കോട് നടക്കാവ് പോലിസില്‍ കേസ് നിലവിലുണ്ട്. എടക്കാട് പോലിസും കേസെടുത്തിരുന്നു. ഇതിനിടെ മോഷ്ടിച്ച മറ്റൊരു ബൈക്ക് കൂട്ടുപ്രതിയായ സൂര്യന്‍ ഷണ്‍മുഖത്തിന്റെ സഹായത്തോടെ ആക്രിക്കച്ചവടക്കാരന് പൊളിച്ചുവിറ്റ വിവരവും പുറത്തുവന്നിട്ടുണ്ട്. യൂ ട്യൂബ് വഴിയുള്ള പീനത്തിലൂടെയാണ് മോഷ്ടാക്കള്‍ പൂട്ടിയ ബൈക്കുകളും സ്‌കൂട്ടറും താക്കോലില്ലാത്തെ സമര്‍ഥമായി മോഷ്ടിച്ച് കടന്നുകളയുന്നത്. നിരവധി മോഷണങ്ങള്‍ ഇത്തരത്തില്‍ പ്രതികള്‍ നടത്തിയിട്ടുണ്ടെന്ന സൂചന പോലിസിന് ലഭിച്ചിട്ടുണ്ട്. പോലിസ് അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.