മാഹി: മാഹിയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ചെറുകല്ലായി സ്വദേശിയായ 61കാരനാണ് വിദേശത്ത് നിന്നെത്തി 42 ദിവസങ്ങള്‍ക്കു ശേഷം കൊവിഡ് സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ച് 19നാണ് ഇദ്ദേഹം ദുബയില്‍ നിന്ന് നാട്ടിലെത്തിയത്. അന്നേദിവസം കരിപ്പൂരില്‍ എയര്‍ഇന്ത്യ വിമാനത്തില്‍ വന്നിറങ്ങിയ ഇദ്ദേഹം ടാക്‌സിയില്‍ ചെറുകല്ലായിലെ വീട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തെ മാഹി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. രോഗലക്ഷണങ്ങളില്ലാതിരുന്നിട്ടും, വിദേശത്തുനിന്നെത്തിയ എല്ലാവരെയും പരിശോധിക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇദ്ദേഹത്തിന്റെ സ്രവ പരിശോധന നടത്തിയത്.
കൊവിഡ് ബാധിച്ച് ഏപ്രില്‍ 11നു മരണപ്പെട്ട മഹ്‌റൂഫിന്റെ അയല്‍വാസിയാണ്. എന്നാല്‍ മരണപ്പെട്ടയാളുമായി ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നില്ല. മഹറൂഫ് മരണപ്പെട്ടതിനു പിന്നാലെ ചെറുകല്ലായി പ്രദേശം പൂര്‍ണമായി അടച്ചിരുന്നു. അതേസമയം, ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ടുപേരെ നിരീക്ഷണത്തിലാക്കിയതായും അധികൃതര്‍ അറിയിച്ചു.