ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്: കണ്ണൂരില്‍ നാല് സിപിഎം പ്രാദേശിക നേതാക്കളെ പുറത്താക്കി
കണ്ണൂര്‍: ക്രിപ്‌റ്റോ കറന്‍സി വഴി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കണ്ണൂരില്‍ നാല് പ്രാദേശിക നേതാക്കളെ സിപിഎം പുറത്താക്കി. പെരിങ്ങോം ഏരിയാ കമ്മിറ്റിയിലെ പാടിയോട്ടുചാല്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എം അഖില്‍, സേവ്യര്‍, റാംഷ, പാടിയോട്ടുചാല്‍ ബ്രാഞ്ച് കമ്മിറ്റിയംഗം കെ സാകേഷ് എന്നിവരെയാണ് പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. എല്‍ഡിഎഫ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ്(എം) ഉന്നതാധികാര സമിതിയംഗത്തിന്റെ മകനായ കോളജ് വിദ്യാര്‍ഥിയുമായി ചേര്‍ന്നാണ് സിപിഎം പ്രവര്‍ത്തകര്‍ ക്രിപ്‌റ്റോ കറന്‍സി ഇടപാട് നടത്തിയത്. ഇടപാടിലെ ലാഭവിഹിതവുമായി ബന്ധപ്പെട്ട് വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായിരുന്നു. മൂന്നു സിപിഎം പ്രവര്‍ത്തകര്‍ മകനെ വഞ്ചിച്ചെന്നായിരുന്നു പരാതി. തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്വീകരിച്ചത്. സിപിഎം നടത്തിയ അന്വേഷണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തിയാണ് നടപടി സ്വീകരിച്ചത്. 30 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് നിഗമനം.