കണ്ണൂര്‍ എസ് പിയുടെ പരസ്യശിക്ഷാ നടപടി പ്രാകൃതം: മുല്ലപ്പള്ളി

Update: 2020-03-29 11:20 GMT

കണ്ണൂര്‍: ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് കടയ്ക്കു മുന്നില്‍ നിന്നവരെ കണ്ണൂര്‍ എസ് പി പരസ്യമായി ഏത്തമീടിപ്പിച്ച നടപടി പ്രാകൃതവും മനുഷ്യത്വരഹിതവുമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോളനി വാഴ്ച്ചക്കാലത്ത് ബ്രിട്ടീഷ് പോലിസ് കാണിക്കാത്ത നടപടിയാണ് എസ് പിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. ലോക്ക് ഡൗണിന്റെ അഞ്ചാംദിനം ജനം പൂര്‍ണമായും കൊവിഡ് പ്രതിരോധ നടപടികളുമായി സഹരിക്കുന്നുണ്ട്. കൂടാതെ സാമൂഹിക അകലം പാലിച്ച് അവശ്യസാധനങ്ങള്‍ മറ്റും വാങ്ങാന്‍ സര്‍ക്കാര്‍ അനുമതിയും നല്‍കിയിട്ടുണ്ട്. മാനവികതയുടെ മുഖം നഷ്ടമായ പോലിസ് ഉദ്യോഗസ്ഥര്‍ പോലിസ് സേനയ്ക്ക് തന്നെ അപമാനമാണ്. സൗഹൃദ പോലിസെന്നത് അധരവ്യായാമം മാത്രമായി ചുരുങ്ങി. ഇത് മധ്യകാലഘട്ടത്തിലേക്കുള്ള തിരുച്ചുപോക്കാണ്. നിയമം കൈയിലെടുക്കുന്ന ഉദ്യോഗസ്ഥന്‍ എത്ര ഉന്നതനായാലും ജനാധിപത്യ സംവിധാനത്തിന് അത് വച്ചു പൊറിപ്പാക്കാന്‍ സാധ്യമല്ല. ഇതിനെതിരേ ശക്തമായി പ്രതിഷേധിക്കാന്‍ സാംസ്‌കാരിക കേരളം തയ്യാറാവണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.




Tags:    

Similar News