മുഴപ്പിലങ്ങാട് മഠം നടപ്പാത സമരത്തിന് ഐക്യദാര്‍ഢ്യം; എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സമരപ്പന്തല്‍ സന്ദര്‍ശിച്ചു

Update: 2023-09-05 14:41 GMT

മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് മഠം നടപ്പാത സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്.ഡി.പി. ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. ജന്മാവകാശമാണ് സഞ്ചാര സ്വാതന്ത്ര്യം അത് ഹനിക്കപ്പെടാന്‍ പാടില്ലെന്ന് സമരപന്തല്‍ സന്ദര്‍ശിച്ച അദ്ദേഹം പറഞ്ഞു. അത്തരം സന്ദര്‍ഭങ്ങളില്‍ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ജനാധിപത്യ മര്‍ഗത്തിലുള്ള സമരം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ക്ക് 23-ദിവസം സമരം ചെയ്യേണ്ടി വരുന്നത് ശരിയാണോയെന്ന് ബന്ധപ്പെട്ടവര്‍ ആലോചിക്കണം.തങ്ങള്‍ക്ക് താല്‍പ്പര്യമുള്ള പ്രദേശങ്ങളില്‍ അടിപ്പാതക്ക് സമരം ചെയ്യുകയും മറ്റിടങ്ങളിലെ പ്രതിഷേധങ്ങളെ അപരവല്‍കരിക്കുകയും ചെയ്യുന്ന ചില പാര്‍ട്ടികളുടെ നിലപാട് അപക്വമാണ് എന്നും അഷ്‌റഫ് മൗലവി പറഞ്ഞു.

നടപ്പാതയ്ക്കായി നിലകൊള്ളുന്ന സമര പ്രവര്‍ത്തകര്‍ക്ക് എസ്.ഡി.പി.ഐയുടെ ഐക്യദാര്‍ഢ്യം അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.ആക്ഷന്‍ കമ്മിറ്റി ജോ.കണ്‍വീനറും മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറിയുമായ എ.കെ ഇബാഹിം സ്വാഗതം പറഞ്ഞു. ആക്ഷന്‍ കമ്മിറ്റി ഭാരവാഹി സി ദാസന്‍ അധ്യക്ഷത വഹിച്ചു. മഹാദേവന്‍, തറമ്മല്‍ നിയാസ്, എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റിയംഗം ഷംസുദ്ദീന്‍ മൗലവി, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.ഷാനിര്‍, സെക്രട്ടറി ടി കെ സാഹിര്‍ പങ്കെടുത്തു.




Tags:    

Similar News