കണ്ണൂര്‍ മുഴപ്പിലങ്ങാട്ട് വീണ്ടും തെരുവുനായ ആക്രമണം; മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി ആശുപത്രിയില്‍
കണ്ണൂര്‍: ദിവസങ്ങള്‍ക്കു മുമ്പ് ഭിന്നശേഷിക്കാരനായ 10 വയസ്സുകാരന്‍ നിഹാലിനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്ന മുഴപ്പിലങ്ങാട്ട് വീണ്ടും തെരുവുനായ ആക്രമണം. മുന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ തെരുവുനായ്ക്കള്‍ കടിച്ചുപരിക്കേല്‍പ്പിച്ചു. എടക്കാട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് ഇന്ന് വൈകുന്നേരമാണ് സംഭവം. കല്ലുമ്മക്കായ വില്‍പ്പന നടത്തുന്ന ബാബുവിന്റെ മകള്‍ ജാന്‍വിയയ്ക്കാണ് പരിക്കേറ്റത്. മുഴപ്പിലങ്ങാട് വെസ്റ്റ് എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്‌കൂള്‍ വിട്ട് വീട്ടുപരിസരത്ത് കളിക്കുന്നതിനിടെയായിരുന്നു കടിയേറ്റത്. കുട്ടിയുടെ കൈകാലുകള്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. മൂന്ന് നായ്ക്കള്‍ ചേര്‍ന്ന് കുട്ടിയെ വലിഴിച്ചിഴച്ച് ആക്രമിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. പിതാവും പരിസരവാസികളും ഓടിയെത്തിയതോടെ നായ്ക്കള്‍ കടന്നുകളയുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥിനിയെ ചാലയിലെ സ്വകാര്യ ആശുപതിയില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്. വിവരമറിഞ് എടക്കാട് പോലിസ് സ്ഥലത്തെത്തി. മുഴപ്പിലങ്ങാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി സജിത, വൈസ് പ്രസിഡന്റ് വിജേഷ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ കെ വി റജീന, ജില്ലാ പഞ്ചായത്തംഗം കെ വി ബിജു തുടങ്ങിയവര്‍ ആശുപത്രിയിലെത്തിയിരുന്നു.