കെ റെയില്‍ കുറ്റിയിടലിനെതിരേ കണ്ണൂരില്‍ പ്രതിഷേധം; കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി
കണ്ണൂര്‍: കെ റെയില്‍ കുറ്റിയിടലിനെതിരേ കണ്ണൂരില്‍ പ്രതിഷേധം. കണ്ണൂര്‍ തളാപ്പില്‍ കുറ്റിയിടല്‍ തടയാന്‍ നാട്ടുകാരുടെ ശ്രമം. കൗണ്‍സിലര്‍ എം പി രാജേഷ് ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ പോലിസ് ബലം പ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കി. കണ്ണൂര്‍ തളാപ്പ് ഓലച്ചേരി കാവിന് സമീപത്തെ കെറയില്‍ സര്‍വേയ്‌ക്കെതിരെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രദേശത്തെ കോര്‍പറേഷന്‍ കൗണ്‍സിലര്‍ എം പി രാജേഷിന്റെ നേതൃത്വത്തില്‍ കെ റയില്‍ കുറ്റിയിടലിനെതിരേ നാട്ടുകാര്‍ പ്രതിഷേധിക്കുകയായിരുന്നു. സര്‍വേയ്‌ക്കെത്തിയ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷയൊരുക്കി വന്‍ പോലിസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് കുറ്റിയടിക്കാന്‍ ശ്രമിച്ചത് പ്രതിഷേധക്കാര്‍ ചോദ്യം ചെയ്തു.
കൗണ്‍സിലര്‍ എം പി രാജേഷിനെ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്, മേയര്‍ ടി ഒ മോഹനന്‍, സതീശന്‍ പാച്ചേനി ഉള്‍പ്പടെയുള്ള നേതാക്കള്‍ കണ്ണൂര്‍ ടൗണ്‍ പോലിസ് സ്‌റ്റേഷനിലെത്തി. കസ്റ്റഡിയിലെടുത്ത എംപി രാജേഷിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് സ്‌റ്റേഷനിലെത്തിയത്. കെ റെയിലിനെതിരെയുള്ള സമരം ശക്തമാക്കുമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കുമെന്ന് പോലിസ് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് നേതാക്കള്‍ മടങ്ങിയത്.