
കണ്ണൂര്‍: മരുന്ന് മാറി നല്‍കിയെന്ന് ആരോപണം. എട്ടുമാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയില്‍. ചെറുകുന്നം പൂങ്കാവിലെ സമീറിന്റെ മകന്‍ മുഹമ്മദാണ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നത്.
മരുന്ന് ഓവര്‍ഡോസായി കുട്ടിയുടെ കരളിനെ ബാധിച്ചുവെന്നും ഗുരുതര സ്ഥിതി തുടര്‍ന്നാല്‍ കുട്ടിയുടെ കരള്‍ മാറ്റിവെക്കേണ്ടി വരുമെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ബന്ധുക്കളുടെ പരാതിയില്‍ പഴയങ്ങാടിയിലെ ഖദീജ മെഡിക്കല്‍സിനെതിരേ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഈ മാസം എട്ടിനാണ് സംഭവം. ഡോക്ടര്‍ കുറിച്ചു നല്‍കിയ പനിക്കുള്ള കാല്‍പോള്‍ സിറപ്പിനു പകരം മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാര്‍ കാല്‍പോള്‍ ഡ്രോപ്‌സ് നല്‍കി. രണ്ട് ദിവസം കൊടുത്തപ്പോഴേക്കും മരുന്ന് തീര്‍ന്നതോടെ രക്ഷിതാക്കള്‍ക്ക് സംശയം തോന്നുകയും ഡോക്ടറെ കാണിച്ചതോടെ മരുന്ന് മാറി നല്‍കിയ കാര്യം മനസിലാകുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് കണ്ടെത്തുകയായിരുന്നു.