കണ്ണൂര്‍ സര്‍വകലാശാലയില്‍ വീണ്ടും ചോദ്യപേപ്പര്‍ ആവര്‍ത്തനം; ഫോട്ടോസ്റ്റാറ്റ് മെഷീനുമായി കെഎസ്‌യു പ്രതിഷേധം

Update: 2022-04-23 12:47 GMT

കണ്ണൂര്‍: സര്‍വകലാശാലാ പരീക്ഷാ നടത്തിപ്പിലെ വ്യാപക അട്ടിമറിയില്‍ പ്രതിഷേധിച്ച് സര്‍വകലാശാലാ ആസ്ഥാനത്ത് കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം. ഫോട്ടോസ്റ്റാറ്റ് മെഷീനുമായി സര്‍വകലാശാലാ കാവടത്തിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ പോലിസ് തടഞ്ഞു. തുടര്‍ന്ന് പ്രവേശന കവാടം ഉപരോധിച്ച പ്രവര്‍ത്തകര്‍ അതിക്രമിച്ച് അകത്തുകടക്കാന്‍ ശ്രമിച്ചത് പോലിസുമായി നേരിയ സംഘര്‍ഷത്തിനിടയാക്കി. കഴിഞ്ഞ ദിവസം പുറത്തുവന്ന സൈക്കോളജി പരീക്ഷകളുടെ ചോദ്യപേപ്പര്‍ ആവര്‍ത്തനത്തിന് സമാനമായി മൂന്നാം സെമസ്റ്റര്‍ ബോട്ടണി പരീക്ഷയിലും മുന്‍വര്‍ഷത്തെ ചോദ്യങ്ങള്‍ ആവര്‍ത്തിക്കാനിടയാക്കിയതാണ് വന്‍ പ്രതിഷേധത്തിന് വഴിവച്ചത്.

വിദ്യാര്‍ഥികളുടെ അധ്വാനത്തിനും പ്രയാസങ്ങള്‍ക്കും ഒരു വിലയും നല്‍കാതെ ചോദ്യപേപ്പറുകള്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് നല്‍കാനാണെകില്‍ പാവപ്പെട്ട വിദ്യാര്‍ഥികളെ പിഴിഞ്ഞുള്ള പണം ചോദ്യം തയ്യാറാക്കുന്ന അധ്യാപകര്‍ക്ക് നല്‍കേണ്ടതില്ലെന്ന് കെഎസ്‌യു ചൂണ്ടിക്കാട്ടി. കോപ്പിയെടുക്കുന്നതിനാവശ്യമായ മെഷീന്‍ കെഎസ്‌യു നല്‍കാമെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഫോട്ടോസ്റ്റാറ്റ് മെഷീനുമായുള്ള വേറിട്ട പ്രതിഷേധം. പണമുണ്ടാക്കാന്‍ വേണ്ടി ചോദ്യ പേപ്പറുകള്‍ വില്‍ക്കാന്‍ പ്രത്യേക ലോബിയുണ്ടോ എന്നത് അന്വേഷിക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു. തുടര്‍ച്ചയായുണ്ടാകുന്ന ഇത്തരം വീഴ്ചകള്‍ക്ക് പിന്നില്‍ വന്‍ അട്ടിമറി സംശയിക്കുന്നു.

സര്‍വകലാശാലയില്‍ ഏറ്റവും പ്രാധാന്യമുള്ള ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്ന അധ്യാപകര്‍ക്ക് കേവലം സാമ്പത്തിക താല്‍പ്പര്യം മാത്രമാണുള്ളത്. ഒരുതരത്തിലുള്ള വിശ്വാസ്യതയുമില്ലാത്ത ഇത്തരക്കാര്‍ പണത്തിന് വേണ്ടി ചോദ്യപേപ്പറുകള്‍ വില്‍ക്കാനും മടികാണിക്കില്ലെന്ന് കെഎസ്‌യു കുറ്റപ്പെടുത്തി. ഇന്നലെ പുറത്തുവന്ന ബോട്ടണി പരീക്ഷയ്ക്ക് പുറമെ കഴിഞ്ഞ ദിവസം നടന്ന മൂന്നാം സെമസ്റ്റര്‍ മലയാളം പരീക്ഷയുടെ ചോദ്യപേപ്പറിലും വലിയ രീതിയിലുള്ള ആശയക്കുഴപ്പവും വ്യാപകമായ തെറ്റും വ്യാകരണ പിശകുകളുമുണ്ട്.

ഗുരുതരമായ വീഴ്ചയുടെ പ്രധാന ഉത്തരവാദിയായ പരീക്ഷാ കണ്‍ട്രോളറെ പുറത്താക്കണമെന്നും ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയ അധ്യാപകര്‍ക്കെതിരേ അച്ചടക്ക നടപടിക്ക് പുറമെ നിയമനടപടിയും കൈക്കൊള്ളണമെന്നും മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു. സമരത്തെ തുടര്‍ന്ന് വൈസ് ചാന്‍സലര്‍ പ്രഫ.ഗോപിനാഥ് രവീന്ദ്രന്‍, പി വി സി പ്രഫ.എ സാബു എന്നിവര്‍ കെഎസ്‌യു നേതാക്കളുമായി ചര്‍ച്ച നടത്തുകയും വീഴ്ചകള്‍ ഗൗരവമായി കാണുന്നതായും തിങ്കളാഴ്ച അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി കൈക്കൊള്ളുമെന്നും ഉറപ്പുനല്‍കുകയായിരുന്നു.

കെഎസ്‌യു ജില്ലാ ഭാരവാഹികളായ ഫര്‍ഹാന്‍ മുണ്ടേരി, ആദര്‍ശ് മാങ്ങാട്ടിടം, അശ്വിന്‍ മാതുക്കോത്ത്, ഹരികൃഷ്ണന്‍ പാളാട്, ഉജ്ജ്വല്‍ പവിത്രന്‍, ആകാശ് ഭാസ്‌കരന്‍, ആഷിത്ത് അശോകന്‍, നവനീത് കീഴറ, എം സി അതുല്‍, ജി കെ ആദര്‍ശ്, ടി ഷാഹ്‌നാദ്, മുഹമ്മദ് റിസ്വാന്‍, പി ദേവകുമാര്‍, പ്രകീര്‍ത്ത് മുണ്ടേരി, ഡിയോണ്‍ ആന്റണി തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.

Tags:    

Similar News