കണ്ണൂര്‍: സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠനം ഇന്ന് ആരംഭിക്കും. കോട്ടയം ആസ്ഥാനമായുള്ള കേരള വളണ്ടിയര്‍ ഹെല്‍ത്ത് സര്‍വീസസ് നടത്തുന്ന പഠനത്തിന് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ പഞ്ചായത്തിലാണ് തുടക്കമാവുക. പദ്ധതി വരുമ്പോള്‍ ഭൂമി നഷ്ടപ്പെടുന്ന കുടുംബങ്ങളെ നേരില്‍ കണ്ട് അവരുന്നയിക്കുന്ന പ്രശ്‌നങ്ങള്‍ കേള്‍ക്കുകയാണ് ആദ്യഘട്ടത്തിലെ പ്രവര്‍ത്തനം. ഇതിനായി ചോദ്യാവലി തയ്യാറാക്കി വളണ്ടിയര്‍മാര്‍ വീടുകളിലെത്തും. കണ്ണൂര്‍ ജില്ലയില്‍ മാത്രം കെ റെയില്‍ കടന്നുപോവുന്ന 61.7 കിലോ മീറ്റര്‍ ദൂരത്ത് 20 വില്ലേജുകളിലായി 108 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. വീടുകളില്‍ സര്‍വേ നടത്തിയും ജനപ്രതിനിധികളെ കേട്ടും റിപോര്‍ട്ട് 100 ദിവസത്തിനകം സമര്‍പ്പിക്കാനാണ് ഏജന്‍സിക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
അതിനിടെ, പലയിടങ്ങളിലും പദ്ധതിക്കെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. അങ്കമാലി പുളിയനത്ത് സില്‍വര്‍ ലൈനിനെതിരേയുള്ള സമരം ഇന്നും തുടരും. ഇന്ന് ഉദ്യോഗസ്ഥര്‍ സര്‍വേ കല്ലുകള്‍ നാട്ടിലെത്തിയാല്‍ തടയാനാണ് സമരസമിതിയുടെ തീരുമാനം. ഇന്നലെ ഇരുപത് സര്‍വേ കല്ലുകള്‍ പോലിസ് സംരക്ഷണയില്‍ നാട്ടിയിരുന്നു. കെ റെയില്‍ വിരുദ്ധ സമിതിയുടെ സംസ്ഥാനതലത്തിലുള്ള പ്രതിനിധികള്‍ ഇന്ന് പ്രദേശം സന്ദര്‍ശിക്കുന്നുണ്ട്. കല്ലുകള്‍ നാട്ടിയതിനെതിരേ പ്രതിഷേധം ശക്തമാക്കാന്‍ യൂത്ത് കോണ്‍ഗ്രസും തീരുമാനിച്ചിട്ടുണ്ട്.