സില്‍വര്‍ ലൈന്‍: കേസുകള്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയണം- പി അബ്ദുല്‍ ഹമീദ്

Update: 2022-11-28 11:01 GMT

തിരുവനന്തപുരം: സ്വപ്‌ന പദ്ധതിയെന്ന പേരില്‍ ഉയര്‍ത്തിക്കാണിച്ച് പോലിസിനെ കയറൂരി വിട്ട് പ്രതിഷേധിച്ച സ്ത്രീകളുള്‍പ്പെടെയുള്ളവരെ തല്ലിച്ചതയ്ക്കുകയും ചെയ്ത ഇടതുസര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്നു പിന്‍മാറിയ സാഹചര്യത്തില്‍ കേസുകള്‍ പിന്‍വലിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. പദ്ധതിക്കായി സ്ഥലം അടയാളപ്പെടുത്തുന്നതിന് കല്ലിടല്‍ നടത്തിയ പ്രദേശങ്ങളിലെല്ലാം ജനങ്ങളുടെ പ്രതിഷേധമുയര്‍ന്നപ്പോള്‍ പോലിസും സിപിഎമ്മിന്റെയും യുവജന സംഘടനകളുടെയും നേതൃത്വത്തില്‍ കലാപാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

സ്ത്രീകളെയും കുട്ടികളെയും വലിച്ചിഴച്ച് കസ്റ്റഡിയിലെടുക്കുകയും പ്രദേശവാസികള്‍ക്കെതിരേ ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും ചെയ്തിരുന്നു. ദൈനംദിന ഭരണകാര്യങ്ങള്‍ക്കു പോലും സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ഖജനാവില്‍ നിന്ന് കോടികളാണ് പദ്ധതിയുടെ പ്രാഥമിക നടപടികള്‍ക്കായി ചെലവഴിച്ചത്. പദ്ധതിയ്ക്കായി 'സര്‍വേ നടത്തി കുറ്റികള്‍ സ്ഥാപിച്ച ഭൂമിയുടെ ക്രയവിക്രയവും പണയപ്പെടുത്താനുള്ള അധികാരവും ഭൂമിയുടെ ഉടമസ്ഥര്‍ക്ക് തന്നെ തിരിച്ചുനല്‍കാനും സര്‍ക്കാര്‍ തയ്യാറാവണം.

സംസ്ഥാനത്തിന്റെ മണ്ണിനെയും പരിസ്ഥിതിയെയും തകര്‍ക്കുന്നതും ഒരു കാലത്തും ലാഭകരമാകാന്‍ സാധ്യതയില്ലാത്തതുമായ പദ്ധതിക്കു വേണ്ടി ഇടതു സര്‍ക്കാര്‍ അമിതാവേശമാണ് കാണിച്ചത്. കേന്ദ്ര അനുമതിയോ സാമൂഹികാഘാത പഠനമോ നടത്താതെ ബൃഹത് പദ്ധതിയ്ക്കായി സര്‍ക്കാര്‍ കാണിച്ച അമിതോല്‍സാഹം സംശയകരമായിരുന്നു. പദ്ധതിയില്‍ നിന്നു പിന്‍മാറിയത് ജനങ്ങളുടെ വിജയമാണ്. ജനങ്ങള്‍ക്കെതിരേ ചുമത്തിയ കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്നും പി അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു.

Tags:    

Similar News